കൊച്ചി, ഏപ്രില്‍ 17,2025: വര്‍ധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരെ സേ നോ ടു ഡ്രഗ്‌സ് ക്യാംപയിനുമായി കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി. മയക്കുമരുന്ന് ഉപഭോഗവും അതുമായി ബന്ധപ്പെട്ടുള്ള അക്രമങ്ങളും മരണങ്ങളുമൊക്കെ സംബന്ധിച്ച വാര്‍ത്തകള്‍ കേരളത്തില്‍ കൂടി വരുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു ക്യാംപയിനുമായി കേരള ബ്ലാസ്റ്റേഴ്‌സ് എത്തുന്നത്. നമ്മുടെ സമൂഹത്തില്‍ നിന്നും പൂര്‍ണമായി മയക്കുമരുന്ന് ഉപയോഗം തുടച്ചുനീക്കുവാന്‍ ലക്ഷ്യമിട്ടുള്ളതാണ് ക്യാംപയിന്‍. ഫാന്‍ അഡൈ്വസറി ബോര്‍ഡ് യോഗത്തില്‍ നിന്നുള്ള കൂട്ടായ തീരുമാനങ്ങളില്‍ നിന്നാണ് സേ നോ ടു ഡ്രഗ്‌സ് ക്യാംപയിന്‍ ആരംഭിച്ചിരിക്കുന്നത്.

യെല്ലോ ഹേര്‍ട്ട് ഇനീഷ്യേറ്റീവിന്റെ ഭാഗമായുള്ള ഈ ക്യാംപയിന്‍ വെറുമൊരു സന്ദേശമായി മാത്രം ഒതുങ്ങുന്നതല്ല. സമൂഹത്തിലേക്ക് ശക്തമായ ബോധവത്ക്കരണവും, മയക്കുമരുന്നിനേയും മറ്റ് നിരോധിത ലഹരികളേയും പ്രതിരോധിക്കുവാനും അവയോട് പോരാടാനുള്ള പുതിയ മുന്നേറ്റമാണ് കേരള ബ്ലാസ്റ്റേഴ്‌സിന്റെ സേ നോ ടു ഡ്രഗ്‌സ് ക്യാംപയിന്‍. മയക്കുമരുന്ന് ഉപഭോഗത്താല്‍ തകര്‍ന്നിരിക്കുന്ന വ്യക്തികളേയും കുടുംബങ്ങളേയും ആരോഗ്യകരവും സുരക്ഷിതവുമായ പുതിയ പാതയിലേക്ക് നയിക്കുവാനാണ് ഈ പദ്ധതിയിലൂടെ ബ്ലാസ്റ്റേഴ്‌സ് ശ്രമിക്കുന്നത്.
കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സിയുടെ താരങ്ങള്‍ക്കൊപ്പം ക്ലബിനെ സ്‌നേഹിക്കുന്ന മുഴുവന്‍ ആള്‍ക്കാരും ഒരുമിച്ച് ചേര്‍ന്നുള്ള കൂട്ടായ ശ്രമമാണിത്. ആരോഗ്യകരമായ സമൂഹനിര്‍മിതിക്കായി അവര്‍ ഒരുമിച്ച് ശബ്ദമുയര്‍ത്തും. അത് ഒരു സന്ദേശം പ്രചരിപ്പിക്കുന്നതോ, ബോധവത്ക്കരണ പരിപാടിയില്‍ പങ്കെടുക്കുന്നതോ, അല്ലെങ്കില്‍ ഒരു ലഹരി വിരുദ്ധ പ്രതിജ്ഞ എടുക്കുന്നതോ ആവാം.
കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സിയുടെ സാമൂഹിക പ്രതിബദ്ധതയാണ് ഒരിക്കല്‍ക്കൂടി ഈ ക്യാംപയിനിലൂടെ വ്യക്തമാകുന്നത്. കളിക്കളത്തിനപ്പുറം കേരളത്തിലെ മുഴുവന്‍ ജനങ്ങളിലും പോസിറ്റീവായ മാറ്റങ്ങള്‍ കൊണ്ടുവരുവാന്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് എപ്പോഴും ആഗ്രഹിക്കുകയും അതിനായി ശ്രമിക്കുകയും ചെയ്യുന്നു.
നമ്മള്‍ ഓരോരുത്തരില്‍ നിന്നുമാണ് മാറ്റം ആരംഭിക്കുന്നത്. ലഹരി വിമുക്തമായ ഒരു നല്ല നാളേയ്ക്കായി നമുക്ക് ഒരുമിച്ച് പ്രവര്‍ത്തിക്കാം കേരള ബ്ലാസ്റ്റേഴ്‌സ് എ്ഫ്‌സി അറിയിച്ചു.