റയൽ മാഡ്രിഡ് ചാമ്പ്യൻസ് ലീഗിൽ നിന്ന് പുറത്ത്! ആഴ്സണലിന് എതിരെ രണ്ടാം പാദ ക്വാർട്ടർ ഫൈനലിൽ അത്ഭുതങ്ങൾ ഒന്നും കാണിക്കാൻ റയലിനായില്ല. 2-1ന് ആഴ്സണലിനോട് തോറ്റ റയൽ മാഡ്രിഡ് അഗ്രിഗേറ്റ് സ്കോർ 5-1ന് തോറ്റ് പുറത്തായി. ആഴ്സണൽ സെമിയിലേക്കും മുന്നേറി.

ഇന്ന് ആവേശകരമായ തുടക്കമാണ് മത്സരത്തിന് ലഭിച്ചത്. 13ആം മിനുറ്റിൽ വാർ ആഴ്സണലിന് അനുകൂലമായി ഒരു പെനാൽറ്റി വിധിച്ചു. എന്നാൽ പെനാൽറ്റി എടുത്ത സാകയ്ക്ക് പിഴച്ചു. കോർതോയുടെ സേവ് കളി ഗോൾ രഹിതമായി നിർത്തി.
ഇതിനു പിന്നാലെ റഫറി റയലിന് അനുകൂലമായും ഒരു പെനാൽറ്റി വിധിച്ചു. എന്നാൽ വാർ പരിശോധാനക്ക് ശേഷം ആ പെനാൽറ്റി നിഷേധിക്കപ്പെട്ടു. റയൽ മാഡ്രിഡ് ഫൈനൽ തേഡിൽ ഒരു നല്ല അവസരം സൃഷ്ടിക്കാൻ പ്രയാസപ്പെട്ടു.
ആഴ്സണൽ ഗോൾ കീപ്പർ റയയെ ഒന്ന് പരീക്ഷിക്കാൻ പോലും റയലിനായില്ല. രണ്ടാം പകുതിയിൽ 65ആം മിനുറ്റിൽ സാകയിലൂടെ ആഴ്സണൽ ലീഡ് എടുത്തു. രണ്ട് മിനുറ്റിനകം ആഴ്സണൽ ഡിഫൻസിലെ ഒരു പിഴവ് മുതലെടുത്ത് വിനീഷ്യസ് സമനില നേടി. പക്ഷെ അപ്പോഴും സെമിഫൈനൽ റയലിന് 3 ഗോൾ ദൂരെ ആയിരുന്നു.
അവസാനം ഇഞ്ച്വറി ടൈമിൽ മാർട്ടിനെല്ലിയുടെ ഫിനിഷ് ആഴ്സണലിന് രണ്ടാം പാദത്തിലും ജയം ഉറപ്പിച്ചു കൊടുത്തു. സെമി ഫൈനലിൽ ഇനി പി എസ് ജിയെ ആകും ആഴ്സണൽ നേരിടുക.