യൂറോപ്പ ലീഗ് ക്വാർട്ടർ ഫൈനൽ രണ്ടാം പാദത്തിൽ ലിയോണിനെതിരെ നടക്കുന്ന നിർണായക മത്സരത്തിൽ ആന്ദ്രേ ഒനാന തന്നെ മാഞ്ചസ്റ്റർ യുണൈറ്റഡിൻ്റെ ഗോൾ വല കാക്കുമെന്ന് പരിശീലകൻ റൂബൻ അമോറിം സ്ഥിരീകരിച്ചു. ഫ്രാൻസിൽ നടന്ന ആദ്യ പാദ മത്സരത്തിൽ രണ്ട് നിർണായക പിഴവുകൾ വരുത്തിയതിനെ തുടർന്ന് ന്യൂകാസിലിനെതിരെ നടന്ന വാരാന്ത്യത്തിലെ 4-1ൻ്റെ തോൽവിയിൽ കാമറൂൺ ഗോൾകീപ്പറെ ഒഴിവാക്കിയിരുന്നു.

ആ മത്സരത്തിൽ ഒനാനക്ക് പകരം അൾട്ടായ് ബയിന്ദിർ ആയിരുന്നു കളിച്ചത്. എന്നാൽ കളിക്കാരൻ്റെ മാനസികവും ശാരീരികവുമായ അവസ്ഥ പരിഗണിച്ചാണ് അങ്ങനെയൊരു തീരുമാനമെടുത്തതെന്ന് അമോറിം പറഞ്ഞു. “ആന്ദ്രേ കളിക്കാതിരിക്കുന്നതും അൾട്ടായ്ക്ക് കളിക്കാൻ അവസരം ലഭിക്കുന്നതും നല്ലതാണെന്ന് എനിക്ക് തോന്നി.” അമോറിം പറഞ്ഞു.
“എന്നാൽ ഒനാന നാളെ കളിക്കും.” യൂറോപ്പിൽ ഒരു കിരീടം നേടി ഈ സീസൺ രക്ഷിക്കാനുള്ള ശ്രമത്തിലാണ് അമോറിം. മാഞ്ചസ്റ്റർ യുണൈറ്റഡിന് ചാമ്പ്യൻസ് ലീഗ് യോഗ്യത നേടാനുള്ള ഏക വഴിയും ഇതാണ്.