മൂന്നാമത് കോടിയേരി ബാലകൃഷ്ണൻ വനിത കെ സി എ എലൈറ്റ് ടി20 ക്രിക്കറ്റ് ടൂർണമെന്റിന് തലശ്ശേരി കോണോർ വയൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ തുടക്കമായി. ഉദ്ഘാടന മല്‍സരത്തിൽ ക്ലൗഡ്ബെറി തലശ്ശേരി, ഏരീസ് കൊല്ലം സെയിലേഴ്സിനെ തോല്പിച്ചപ്പോൾ രണ്ടാം മല്‍സരത്തിൽ സുൽത്താൻ സിസ്റ്റേഴ്സ്, റിച്ച്മണ്ട് ഗ്രൂപ്പ് ധർമ്മടത്തെയും കീഴടക്കി. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു. തലശ്ശേരി മുൻസിപ്പാലിറ്റി ചെയർപേഴ്സൺ ജമുനാറാണി ടീച്ചറുടെ അദ്ധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ കണ്ണൂര്‍ ജില്ലാ ക്രിക്കറ്റ് അസോസിയേഷനിലെ ഭാരവാഹികളും പങ്കെടുത്തു.
ആദ്യ മല്‍സരത്തിൽ ടോസ് നേടിയ ഏരീസ് കൊല്ലം, ക്ലൗഡ്ബെറി തലശ്ശേരിയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. തുടക്കത്തിൽ തന്നെ മൂന്ന് വിക്കറ്റുകൾ നഷ്ടമായ ക്ലൗഡ്ബെറിയെ 27 റൺസെടുത്ത എസ് ശ്രുതിയുടെ ഇന്നിങ്സാണ് കരകയറ്റിയത്. ശ്രുതിയുടെയും 16 റൺസെടുത്ത ഗൗരി നന്ദനയുടെയും മികവിൽ ക്ലൗഡ്ബെറി 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 88 റൺസെടുത്തു. ഏരീസ് കൊല്ലത്തിന് വേണ്ടി വി എസ് മൃദുലയും ബി സൗപർണ്ണികയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഏരീസ് കൊല്ലം 18ആം ഓവറിൽ 80 റൺസിന് ഓൾഔട്ടായി. 17 റൺസെടുത്ത പി അഖിലയാണ് കൊല്ലത്തിൻ്റെ ടോപ് സ്കോറർ. മൂന്ന് വിക്കറ്റെടുത്ത ടി പി അജന്യയാണ് ക്ലൗഡ് ബെറി തലശ്ശേരിയുടെ ബൗളിങ് നിരയിൽ തിളങ്ങിയത്.
രണ്ടാം മല്‍സരത്തിൽ ദിവ്യ ഗണേഷിൻ്റെ ഉജ്ജ്വല ഇന്നിങ്സിൻ്റെ മികവിൽ സുൽത്താൻ സിസ്റ്റേഴ്സ് , റിച്ച്മണ്ട് ഗ്രൂപ്പ് ധർമ്മടത്തെ തോല്പിച്ചു. ആദ്യം ബാറ്റ് ചെയ്ത റിച്ച്മണ്ട് ഗ്രൂപ്പ് 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 106 റൺസെടുത്തു. ശ്രേയ പി സിജുവും അൻസു സുനിലും ചേർന്ന 73 റൺസിൻ്റെ ഓപ്പണിങ് കൂട്ടുകെട്ടാണ് റിച്ച്മണ്ടിന് ഭേദപ്പെട്ട സ്കോർ നല്‍കിയത്. ശ്രേയ 46ഉം അൻസു 24ഉം റൺസെടുത്തു. സുൽത്താൻ സിസ്റ്റേഴ്സിന് വേണ്ടി അനുഷ്ക മൂന്നും ആര്യനന്ദ രണ്ടും വിക്കറ്റുകൾ വീഴ്ത്തി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ സുൽത്താൻ സിസ്റ്റേഴ്സിന് 29 റൺസെടുക്കുന്നതിനിടെ അഞ്ച് വിക്കറ്റുകൾ നഷ്ടമായി. എന്നാൽ ആറാം വിക്കറ്റിൽ ഒത്തു ചേർന്ന ദിവ്യ ഗണേഷും ആര്യനന്ദയും ചേർന്ന 78 റൺസിൻ്റെ അപരാജിത കൂട്ടുകെട്ട് ടീമിന് വിജയമൊരുക്കി. ദിവ്യ 57 റൺസുമായും ആര്യനന്ദ 25 റൺസുമായും പുറത്താകാതെ നിന്നു. റിച്ച് മണ്ടിന് വേണ്ടി ദേശീയ അണ്ടർ 19 താരം വി ജെ ജോഷിത രണ്ട് വിക്കറ്റ് വീഴ്ത്തി.