ധോണി ക്യാപ്റ്റൻ ആയിട്ടും മാറ്റമില്ല. ചെന്നൈ സൂപ്പർ കിംഗ്സ് പരാജയം തുടർന്നു. ഇന്ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് എതിരെ 8 വിക്കറ്റിന്റെ പരാജയമാണ് ചെന്നൈ സൂപ്പർ കിംഗ്സ് നേരിട്ടത്. ചെന്നൈയെ വെറും 103ൽ ഒതുക്കിയ കൊൽക്കത്ത വെറും 10.1 ഓവറിലേക്ക് ലക്ഷ്യം കണ്ടു.

16 പന്തിൽ 23 റൺസ് എടുത്ത ഡി കോക്ക്, 18 പന്തിൽ 44 റൺസ് എടുത്ത നരേൻ, 17 പന്തിൽ 20 റൺസ് എടുത്ത ക്യാപ്റ്റൻ രഹാനെ എന്നിവർ അനായാസം കൊൽക്കത്തയെ ലക്ഷ്യത്തിലേക്ക് എത്തിച്ചു.
ഇന്ന് ചെന്നൈയിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് എതിരെ ആദ്യം ബാറ്റു ചെയ്ത ചെന്നൈ സൂപ്പർ കിംഗ്സ് 20 ഓവറിൽ വെറും 103/9 റൺസ് മാത്രമാണ് എടുത്തത്. ചെന്നൈയുടെ ഒരു ബാറ്ററും ആക്രമിച്ചു കളിക്കാൻ മുതിർന്നതു പോലുമില്ല.

9 പന്തിൽ 4 റൺസ് എടുത്ത രചിൻ, 11 പന്തിൽ 12 റൺസ് എടുത്ത കോൺവെ, 22 പന്തിൽ 16 റൺസ് എടുത്ത ത്രിപാതി, 7 പന്തിൽ ഒരു റൺസ് എടുത്ത അശ്വിൻ, റൺ ഒന്നും എടുക്കാതെ കളം വിട്ട ജഡേജ, ഹൂഡ, 4 പന്തിൽ 1 മാത്രം എടുത്ത ധോണി എന്നിവരെല്ലാം നിരാശപ്പെടുത്തി.
21 പന്തിൽ 29 റൺസ് എടുത്ത വിജയ് ശങ്കറും 29 പന്തിൽ നിന്ന് 31 എടുത്ത ശിവം ദൂബെയും ആണ് ആകെ തിളങ്ങിയത്. കെ കെ ആറിനായി നരെയ്ൻ 3 വിക്കറ്റും വരുൺ ചക്രവർത്തി, ഹർഷിത് റാണ എന്നിവർ 2 വിക്കറ്റും വീഴ്ത്തി.