ഐപിഎലില്‍ ഇന്നത്തെ മത്സരത്തിൽ രാജസ്ഥാന് കനത്ത തോൽവി. ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് 217 റൺസ് നേടിയപ്പോള്‍ രാജസ്ഥാന്‍ 159 റൺസ് മാത്രമാണ് തങ്ങളുടെ ബാറ്റിംഗിൽ നേടിയത്. 58 റൺസിന്റെ മികച്ച വിജയം ആണ് ഗുജറാത്ത് നേടിയത്. 19.2 ഓവറിലാണ് രാജസ്ഥാന്‍ ഓള്‍ഔട്ട് ആയത്.
ജൈസ്വാളിനെയും നിതീഷ് റാണയെയും ആദ്യം തന്നെ നഷ്ടമായ രാജസ്ഥാനെ പവര്‍പ്ലേ അവസാനിക്കുമ്പോള്‍ 57 റൺസിലേക്ക് സഞ്ജു സാംസണും റിയാന്‍ പരാഗും എത്തിയ്ക്കുകയായിരുന്നു.
എന്നാൽ പവര്‍പ്ലേയ്ക്ക് ശേഷം റിയാന്‍ പരാഗിനെ രാജസ്ഥാന് നഷ്ടമായി. 26 പന്തിൽ നിന്ന് 48 റൺസ് നേടിയ ഈ കൂട്ടുകെട്ടിൽ പരാഗ് 14 പന്തിൽ നിന്ന് 24 റൺസ് നേടി. ധ്രുവ് ജുറേലിനെ നഷ്ടമാകുമ്പോള്‍ രാജസ്ഥാന്‍ 68/4 എന്ന നിലയിലായിരുന്നു. അവിടെ നിന്ന് 48 റൺസ് കൂട്ടുകെട്ട് സഞ്ജുവും ഹെറ്റ്മ്യറും നേടിയെങ്കിലും 28 പന്തിൽ 41 റൺസ് നേടിയ സഞ്ജുവിനെ പ്രസിദ്ധ് കൃഷ്ണ പുറത്താക്കി.
32 പന്തിൽ 52 റൺസ് നേടിയ ഹെറ്റ്മ്യറെയും ജോഫ്ര ആര്‍ച്ചറെയും പുറത്താക്കി പ്രസിദ്ധ് കൃഷ്ണ രാജസ്ഥാനെ കനത്ത തോൽവിയിലേക്ക് തള്ളിയിട്ടു. ഗുജറാത്തിനായി പ്രസിദ്ധ് കൃഷ്ണ മൂന്നും റഷീദ് ഖാന്‍, സായി കിഷോര്‍ എന്നിവര്‍ 2 വിക്കറ്റും നേടി.