ചാമ്പ്യൻസ് ലീഗ് ആദ്യ പാദ ക്വാർട്ടർ ഫൈനലിൽ സ്വന്തം മൈതാനമായ എമിറേറ്റ്‌സ് സ്റ്റേഡിയത്തിൽ 15 തവണ ജേതാക്കൾ ആയ റയൽ മാഡ്രിഡിനെ എതിരില്ലാത്ത 3 ഗോളുകൾക്ക് തകർത്തു ആഴ്‌സണൽ. അവിശ്വസനീയം ആയ രാത്രിയിൽ റയലിന് ആഴ്‌സണലിന് മുമ്പിൽ ഒരുതരത്തിലും പിടിച്ചു നിൽക്കാൻ ആയില്ല. ആദ്യ പകുതിയിൽ നന്നായി തുടങ്ങിയ ആഴ്‌സണലിന്റെ ആദ്യ ഗോൾ ശ്രമങ്ങൾ റയൽ ഗോൾ കീപ്പർ കോർട്ട്യോ തട്ടി മാറ്റി. ആദ്യം തോമസ് പാർട്ടിയുടെ ഷോട്ട് രക്ഷിച്ച താരം പിന്നീട് ഇരട്ട സേവിലൂടെ റൈസിന്റെ ഹെഡറും മാർട്ടിനെല്ലിയുടെ ഷോട്ടും തകർത്തു. ഗബ്രിയേൽ പരിക്കേറ്റു പുറത്ത് പോയതിനാൽ ഇറങ്ങിയ കിവിയോറിനെ മറികടന്ന എംബപ്പെയുടെ ഒരു ശ്രമം അതിനു ഇടയിൽ ആഴ്‌സണൽ ഗോൾ കീപ്പർ ഡേവിഡ് റയയും രക്ഷിച്ചു.
ഉഗ്രൻ ഫോമിലുള്ള കോർട്ട്യോ ആഴ്‌സണലിന് മുമ്പിൽ മതിൽ ആയപ്പോൾ ആ മതിൽ തകർക്കാൻ അവിശ്വസനീയം എന്നു മാത്രം വിളിക്കാവുന്ന പ്രകടനം ആണ് പിന്നീട് ഡക്ലൻ റൈസിൽ നിന്നു കണ്ടത്. സാകയെ വീഴ്ത്തിയതിനു ലഭിച്ച ഫ്രീകിക്ക് റൈസ് 58 മത്തെ മിനിറ്റിൽ റയൽ ടീം മതിലിനെ മറികടന്നു വളച്ചു അടിച്ചു വലയിൽ കയറ്റുമ്പോൾ റയൽ ഗോൾ കീപ്പർക്ക് ഒന്നും ചെയ്യാനായില്ല. തുടർന്ന് അവിസ്മരണീയമായ ഗോൾ കീപ്പർ മികവ് ആണ് കോർട്ട്യോ നടത്തിയത്. സ്കെല്ലിയുടെ മികച്ച കളിയിൽ നിന്നു ലഭിച്ച അവസരത്തിൽ മാർട്ടിനെല്ലിയുടെ ഷോട്ട് തടഞ്ഞ റയൽ ഗോൾ കീപ്പർ മെറീനോയുടെ ഗോൾ എന്നു ഉറപ്പിച്ച റീബോണ്ടും തടഞ്ഞു. അതിനു മുമ്പ് മെറീനോയുടെ ശ്രമം ഗോൾ ലൈനിൽ നിന്നു ഡേവിഡ് അലാബയും രക്ഷിച്ചിരുന്നു.
70 മത്തെ മിനിറ്റിൽ ഒരിക്കൽ കൂടി സാകയെ വീഴ്ത്തിയതിനു ലഭിച്ച ഫ്രീകിക്ക് ആദ്യത്തെതിലും മികവിലും ഭംഗിയിലും റൈസ് വലയിൽ എത്തിച്ചപ്പോൾ കാണികൾക്ക് ഒപ്പം ആഴ്‌സണൽ താരങ്ങളും തലയിൽ കൈവെച്ചു. അത്രമേൽ ഭംഗിയുള്ള സുന്ദര ഫ്രീകിക്ക് ആയിരുന്നു ഇംഗ്ലീഷ് താരത്തിൽ നിന്നു ഉണ്ടായത്. 5 മിനിറ്റിനുള്ളിൽ മികച്ച ടീം നീക്കത്തിന് ഒടുവിൽ സ്‌കെല്ലിയുടെ പാസിൽ നിന്നു മികച്ച ഷോട്ടിലൂടെ ഗോൾ കണ്ടത്തിയ ആഴ്‌സണലിന്റെ മേക്ക് ഷിഫ്റ്റ് സ്‌ട്രൈക്കർ മിഖേൽ മെറീനോ ആഴ്‌സണൽ ജയം പൂർത്തിയാക്കി. തുടർന്നും കോർട്ട്യോയുടെ മികവ് ആണ് റയലിനെ വലിയ നാണക്കേടിൽ നിന്നു രക്ഷിച്ചത്. അപ്പുറത്ത് പരിക്ക് കാരണം ഗബ്രിയേൽ ഇല്ലാത്ത ആഴ്‌സണൽ പ്രതിരോധത്തെ വലിയ നിലക്ക് പരീക്ഷിക്കാൻ എംബപ്പെ, വിനീഷ്യസ്, റോഡ്രിഗോ സഖ്യത്തിന് ആയില്ല. ആഴ്‌സണൽ ആരാധകർക്ക് എന്നും ആഘോഷിക്കാവുന്ന ജയമായി 19 വർഷങ്ങൾക്ക് ശേഷമുള്ള ഈ റയൽ മാഡ്രിഡ് മത്സരം. 17 നു നടക്കുന്ന രണ്ടാം പാദത്തിൽ തിരിച്ചു വരാൻ ആവും മാഡ്രിഡ് ശ്രമം.