പഞ്ചാബ് കിംഗ്സ് നൽകിയ 220 റൺസ് വിജയ ലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ചെന്നൈയ്ക്ക് നേടാനായത് 201 റൺസ് മാത്രം. മത്സരത്തിൽ 18 റൺസ് വിജയം കരസ്ഥമാക്കി പഞ്ചാബ് തങ്ങളുടെ വിജയ വഴിയിലേക്ക് തിരികെ എത്തിയപ്പോള്‍ ചെന്നൈയ്ക്ക് തുടര്‍ച്ചയായ നാലാം തോൽവിയാണ് ഏറ്റു വാങ്ങേണ്ടി വന്നത്.
പവര്‍പ്ലേയിൽ 59 റൺസ് ആണ് വിക്കറ്റ് നഷ്ടമില്ലാതെ ചെന്നൈ സൂപ്പര്‍ കിംഗ്സ് നേടിയത്. എന്നാൽ തൊട്ടടുത്ത ഓവറിൽ രച്ചിന്‍ രവീന്ദ്രയെ ഗ്ലെന്‍ മാക്സ്വെല്‍ പുറത്താക്കുകയായിരുന്നു. അടുത്ത ഓവറിൽ ക്യാപ്റ്റന്‍ റുതുരാജ് ഗായ്ക്വാഡിനെയും ചെന്നൈയ്ക്ക് നഷ്ടമായി.
ഇംപാക്ട് പ്ലേയര്‍ ആയി എത്തിയ ശിവം ദുബേ എത്തിയ ശേഷം ഡെവൺ കോൺവേയുമായി ചേര്‍ന്ന ചെന്നൈയ്ക്കായി മികച്ച കൂട്ടുകെട്ട് പുറത്തെടുക്കുകയായിരുന്നു. 16ാം ഓവറിൽ ഈ കൂട്ടുകെട്ട് ലോക്കി ഫെര്‍ഗൂസൺ തകര്‍ക്കുകയായിരുന്നു. 51 പന്തിൽ 89 റൺസ് ആയിരുന്നു ഈ കൂട്ടുകെട്ട് നേടിയത്. 27 പന്തിൽ 42 റൺസായിരുന്നു ദുബേ നേടിയത്.
മത്സരം അവസാന 3 ഓവറിലേക്ക് കടന്നപ്പോള്‍ 59 റൺസായിരുന്നു ചെന്നൈ നേടേണ്ടിയിരുന്നത്. 18ാം ഓവറിൽ 49 പന്തിൽ 69 റൺസ് നേടിയ ഡെവൺ കോൺവേയെ ചെന്നൈ റിട്ടേര്‍ഡ് ഔട്ട് ആയി തിരികെ വിളിച്ചു. 18ാം ഓവറിൽ ധോണി രണ്ട് സിക്സുകള്‍ നേടിയപ്പോള്‍ അവസാന രണ്ടോവറിൽ ചെന്നൈയുടെ വിജയ ലക്ഷ്യം 43 റൺസായിരുന്നു.
അര്‍ഷ്ദീപ് എറിഞ്ഞ 19ാം ഓവറിൽ ധോണി നൽകിയ അവസരം യഷ് താക്കൂര്‍ കൈവിട്ടപ്പോള്‍ താരം ഒരു ഫോറും സിക്സും കൂടി ഓവറിൽ നേടി. ഇതോടെ 15 റൺസ് ഓവറിൽ നിന്ന് വന്നപ്പോള്‍ അവസാന ഓവറിൽ 28 റൺസായിരുന്നു ചെന്നൈ നേടേണ്ടിയിരുന്നത്.
യഷ് താക്കൂര്‍ എറിഞ്ഞ അവസാന ഓവറിലെ ആദ്യ പന്തിൽ എംഎസ് ധോണിയെ പുറത്താക്കി പഞ്ചാബ് വിജയം കൈപ്പിടിയിലാക്കുകയായിരുന്നു. 12 പന്തിൽ 27 റൺസ് നേടിയ ധോണി 3 സിക്സുകളാണ് ധോണി നേടിയത്.
പഞ്ചാബിന് വേണ്ടി ലോക്കി ഫെര്‍ഗൂസൺ 2 വിക്കറ്റ് നേടിയപ്പോള്‍ ഗ്ലെന്‍ മാക്സ്വെല്ലും യഷ് താക്കൂറും വിക്കറ്റ് പട്ടികയിൽ ഇടം പിടിച്ചു.