ഇടംകൈയ്യൻ പേസർമാർക്കെതിരെ ഐപിഎൽ 2025ൽ രോഹിത് ശർമ്മയുടെ മോശം പ്രകടനങ്ങൾ തുടരുമ്പോഴും മുംബൈ ഇന്ത്യൻസ് മുഖ്യ പരിശീലകൻ മഹേള ജയവർധനെ താരത്തിന് പിന്തുണ നൽകി. ഏപ്രിൽ 7ന് വാംഖഡെ സ്റ്റേഡിയത്തിൽ നടന്ന റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരായ മത്സരത്തിൽ മുംബൈ 12 റൺസിന് തോറ്റപ്പോൾ രോഹിത് 9 പന്തിൽ 17 റൺസെടുത്ത് യാഷ് ദയാലിന്റെ പന്തിൽ ബൗൾഡ് ആയി പുറത്തായി. ഈ സീസണിൽ നാല് മത്സരങ്ങളിൽ നിന്ന് 38 റൺസ് മാത്രമാണ് പരിചയസമ്പന്നനായ ബാറ്റർക്ക് നേടാനായത്.

എന്നാൽ, തുടർച്ചയായ പുറത്താകലുകളെക്കുറിച്ചുള്ള ആശങ്കകളെ ജയവർധനെ ലഘൂകരിച്ചു. ഇടംകൈയ്യൻ ബൗളർമാരുടെ ആംഗിൾ മിക്ക വലങ്കയ്യൻ ഓപ്പണർമാർക്കും സ്വാഭാവികമായ വെല്ലുവിളിയാണ് എന്ന് അദ്ദേഹം പറഞ്ഞു. “അത് സ്വാഭാവികമായ ഒരു കാര്യമാണ് – ആ ആംഗിൾ മിക്ക വലങ്കയ്യൻ ഓപ്പണർമാർക്കും പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു. പക്ഷേ രോഹിത് വളരെ പരിചയസമ്പന്നനായ കളിക്കാരനാണ്. അവൻ കഠിനമായി പരിശീലിക്കുന്നുണ്ട്, അവൻ അത് മറികടക്കാനുഅശ്രമത്തിലാണെന്ന് എനിക്ക് ഉറപ്പുണ്ട്,” ജയവർധനെ പറഞ്ഞു.
രോഹിതിന്റെ പ്രതിരോധം ഭേദിച്ച് യാഷ് ദയാൽ മികച്ച ഒരു ഇൻ-സ്വിംഗർ എറിഞ്ഞതിനെയും പരിശീലകൻ പ്രശംസിച്ചു. “യാഷ് നല്ലൊരു പന്താണ് എറിഞ്ഞത്. അത് ലേറ്റ് സ്വിംഗ് ആയിരുന്നു, ഫുള്ളർ ലെങ്തിൽ, അത് രോഹിതിന്റെ പ്രതിരോധം മറികടന്നു. ചിലപ്പോൾ ബൗളർക്കും ക്രെഡിറ്റ് നൽകണം,” അദ്ദേഹം കൂട്ടിച്ചേർത്തു.
2024 ഐപിഎൽ സീസൺ മുതൽ, രോഹിത് 17 ഇന്നിംഗ്‌സുകളിൽ നിന്ന് ഏഴ് തവണ ഇടംകൈയ്യൻ പേസർമാർക്ക് മുന്നിൽ പുറത്തായിട്ടുണ്ട് – ഐപിഎൽ 2025ൽ ഇതിനോടകം രണ്ട് തവണ, അതിലൊന്ന് സിഎസ്‌കെക്കെതിരെ ഖലീൽ അഹമ്മദിന്റെ പന്തിലായിരുന്നു. ഈ സീസണിൽ കളിച്ച അഞ്ച് മത്സരങ്ങളിൽ ഒരെണ്ണം മാത്രമാണ് മുംബൈക്ക് ജയിക്കാനായത്.