ആര്‍സിബി സ്കോറിന് മാന്യത പകര്‍ന്ന് ലിയാം ലിവിംഗ്സ്റ്റണിന്റെ ഫിഫ്റ്റി

Sports Correspondent

Liamlivingstone

ഐപിഎലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ ബാറ്റിംഗ് തകര്‍ച്ച നേരിട്ട ആര്‍സിബിയെ 169 റൺസിലേക്ക് എത്തിക്കുവാന്‍ സഹായിച്ച് ലിയാം ലിവിംഗ്സ്റ്റൺ നേടിയ ഫിഫ്റ്റി. വിക്കറ്റുകള്‍ വീണ് പ്രതിരോധത്തിലായ ആര്‍സിബിയ്ക്കായി ജിതേഷ് ശര്‍മ്മ വേഗത്തിൽ 33 റൺസ് നേടിയെങ്കിലും ലിയാം ലിവിംഗ്സ്റ്റൺ മെല്ലെയാണ് തുടങ്ങിയത്. എന്നാൽ ഏഴാം വിക്കറ്റിൽ ടിം ഡേവിഡിനൊപ്പം 46 റൺസ് അതിവേഗത്തിൽ താരം നേടിയപ്പോള്‍ ആര്‍സിബി വന്‍ തകര്‍ച്ചയിൽ നിന്ന് കരകയറുകയായിരുന്നു. 8 വിക്കറ്റ് നഷ്ടത്തിൽ 169 റൺസാണ് ആര്‍സിബി നേടിയത്.

വിരാട് കോഹ്‍ലിയെ അര്‍ഷദ് ഖാനും ദേവ്ദത്ത് പടിക്കലിനെയും ഫിലിപ്പ് സാള്‍ട്ടിനെയും സിറാജും പുറത്താക്കിയപ്പോള്‍ ക്യാപ്റ്റന്‍ രജത് പടിദാറിന്റെ വിക്കറ്റ് ഇഷാന്ത് ശര്‍മ്മ നേടി. 42/4 എന്ന നിലയിലേക്ക് വീണ ആര്‍സിബിയെ ജിതേഷ് ശര്‍മ്മ – ലിയാം ലിവിംഗ്സ്റ്റൺ കൂട്ടുകെട്ട് അഞ്ചാം വിക്കറ്റിൽ 52 റൺസ് നേടി വന്‍ തകര്‍ച്ചയിൽ നിന്ന് കരകയറ്റിയെങ്കിലും പിന്നെയും ഗുജറാത്ത് ബൗളര്‍മാര്‍ വിക്കറ്റുകളുമായി തിരിച്ചടിച്ചു.

Gujarattitans

21 പന്തിൽ നിന്ന് 32 റൺസ് നേടിയ ജിതേഷ് ശര്‍മ്മയെ പുറത്താക്കി സായി കിഷോര്‍ ഈ കൂട്ടുകെട്ട് തകര്‍ക്കുകയായിരുന്നു. തന്റെ തൊട്ടടുത്ത ഓവറിൽ ക്രുണാൽ പാണ്ഡ്യയെയും സായി കിഷോര്‍ പുറത്താക്കിയപ്പോള്‍ ആര്‍സിബി 104/6 എന്ന നിലയിലേക്ക് വീണു.

Saikishore

മെല്ലെ തുടങ്ങിയ ലിയാം ലിവിംഗ്സ്റ്റൺ ഗിയര്‍ മാറ്റി അര്‍ദ്ധ ശതകം തികച്ചപ്പോള്‍ ആര്‍സിബിയുടെ സ്കോറിന് മാന്യത കൈവരികയായിരുന്നു. ലിവിംഗ്സ്റ്റൺ 40 പന്തിൽ 54 റൺസ് നേടിയപ്പോള്‍ ടിം ഡേവിഡ് 18 പന്തിൽ നിന്ന് 32 റൺസ് തികച്ച് ആര്‍സിബിയെ 169 റൺസിലേക്ക് എത്തിച്ചു. ലിവിംഗ്സ്റ്റണിനെ പുറത്താക്കി സിറാജ് മത്സരത്തിലെ തന്റെ മൂന്നാം വിക്കറ്റ് നേടിയപ്പോള്‍ ഇന്നിംഗ്സിലെ അവസാന പന്തിൽ പ്രസിദ്ധ് കൃഷ്ണ ടിം ഡേവിഡിനെ പുറത്താക്കി.