സെലെസ്റ്റിയൽ ട്രോഫിയിൽ മികച്ച വിജയം നേടി ആത്രേയ സിസി. ഇന്ന് മംഗലപുരം കെസിഎ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ആത്രേയ സിസി ടോസ് നേടി ഫീൽഡിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. 28 ഓവറിൽ 154/9 എന്ന സ്കോര്‍ ഏരീസ് നേടിയപ്പോള്‍ 19.3 ഓവറിൽ 1 വിക്കറ്റ് നഷ്ടത്തിൽ ആത്രേയ വിജയം കുറിച്ചു.
ബ്രിജേഷ് രാജ്(54), അജു പൗലോസ്(41) എന്നിവര്‍ ആണ് ഏരീസ് ബാറ്റിംഗ് നിരയിൽ തിളങ്ങിയത്. ആത്രേയയ്ക്ക് വേണ്ടി മുഹമ്മദ് ഇനാന് മൂന്നും എം സെബാസ്റ്റ്യന്‍ 2 വിക്കറ്റും നേടി. ആത്രേയയ്ക്കായി 78 റൺസുമായി പുറത്താകാതെ നിന്ന ആകര്‍ഷ് ആണ് കളിയിലെ താരം. ഉജ്ജ്വൽ കൃഷ്ണ 52 റൺസുമായി പുറത്താകാതെ നിന്നു.
ഒന്നാം വിക്കറ്റിൽ റിയ ബഷീറും ആകര്‍ഷും ചേര്‍ന്ന് 78 റൺസാണ് നേടിയത്. 18 റൺസ് നേടിയ റിയ ബഷീര്‍ റണ്ണൗട്ടായ ശേഷം ആകര്‍ഷും ഉജ്ജ്വലും ചേര്‍ന്ന് ടീമിനെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു.