കോഴിക്കോട്: ഇന്ത്യൻ വനിതാ ലീഗ് ഫുട്ബോളിൽ ഗോകുലം കേരളക്ക് ജയം. ഇന്ന് സ്വന്തം തട്ടകത്തിൽ നടന്ന പോരാട്ടത്തിൽ കൊൽക്കത്ത ക്ലബ്ബായ ശ്രീഭൂമി എഫ്.സിയെയാണ് ഗോകുലം തോൽപ്പിച്ചത്. മത്സരത്തിൽ എതിരില്ലാത്ത മൂന്ന് ഗോളിനായിരുന്നു മലബാറിയൻസിന്റെ ജയം. ഉഗാണ്ടൻ താരം ഫസീലയുടെ ഹാട്രിക്കിന്റെ കരുത്തിലായിരുന്നു ഗോകുലം ജയിച്ചു കയറിയത്.

സീസണിലെ നാലാം ഹാട്രിക്കായിരുന്നു ഇന്ന് ഫസീല നേടിയത്. മത്സരം തുടങ്ങി ഒൻപതാം മിനുട്ടിൽ തന്നെ ഫസീലയിലൂടെ മലബാറിയൻസ് മുന്നിലെത്തി. ഈ സമയത്ത് ഗോകുലത്തിന്റെ പോസ്റ്റിന് നേരെ ശ്രീഭൂമി താരങ്ങൾ അക്രമം കടുപ്പിച്ചെങ്കിലും പ്രതിരോധം ശക്തമായി നിന്നതോടെ എതിർ ടീമിന്റെ ഗോൾ മോഹങ്ങൾ പൊലിഞ്ഞു. മത്സരം പുരോഗമിക്കവെ അധികം വൈകാതെ ഗോകുലത്തിന്റെ രണ്ടാം ഗോളും വന്നു. 14ാം മിനുട്ടിൽ വീണ്ടും ഫസീല തന്നെയായിരുന്നു പന്ത് വലയിലാക്കിയത്. രണ്ട് ഗോൾ നേടിയതോടെ മത്സരത്തിന്റെ നിയന്ത്രണം ഏറ്റെടുത്ത മലബാറിയൻസ് പിന്നീട് എതിർ പോസ്റ്റ് ലക്ഷ്യമാക്കി കൂടുതൽ മുന്നേറ്റങ്ങൾ നടത്തി. ആദ്യ പകുതിയിൽ രണ്ട് ഗോളിന്റെ ലീഡുമായി മത്സരം അവസാനിപ്പിക്കാൻ ഗോകുലത്തിന് കഴിഞ്ഞു.
രണ്ടാം പകുതിയിലായിരുന്നു ഫസീല ഹാട്രിക് പൂർത്തിയാക്കിയത്. മികച്ചൊരു മുന്നേറ്റത്തിനൊടുവിൽ 64ാം മിനുട്ടിലായിരുന്നു ഗോകുലത്തിന്റെ മൂന്നാം ഗോളും ഫസീലയുടെ ഹാട്രികും. ശ്രീഭൂമിയുടെ മുന്നേറ്റത്തെ മധ്യനിരയിൽ തന്നെ തകർത്തതോടെ ഗോകുലത്തിന് ഒരു ഗോൾ പോലും വഴങ്ങാതെ മത്സരം പൂർത്തിയാക്കാൻ കഴിഞ്ഞു. മത്സരത്തിൽ പലപ്പോയാഴി ലഭിച്ച അവസരങ്ങളെല്ലാം കൃത്യമായി ലക്ഷ്യത്തിലെത്തിക്കാനായിരുന്നെങ്കിൽ മാർജിൻ ഇനിയും ഉയർന്നേനെ.
10 മത്സരത്തിൽനിന്ന് 23 പോയിന്റുമായി ഗോകുലം പട്ടികയിൽ രണ്ടാം സ്ഥാനത്ത് തുടരുന്നു. ഇത്രയും മത്സരത്തിൽനിന്ന് 12 പോയിന്റുള്ള ശ്രീഭൂമി പട്ടികയിൽ നാലാം സ്ഥാനത്തുണ്ട്. ഈസ്റ്റ് ബംഗാൾ എഫ് സിയാണ് നിലവിൽ പട്ടികയിൽ ഒന്നാം സ്ഥാനത്ത്.