കോഴിക്കോട്: ഇന്ത്യൻ വനിതാ ലീഗിൽ കിരീടത്തിനായി പോരാടുന്ന ഗോകുലം കേരളയുടെ പെൺപട ഇന്ന് സ്വന്തം തട്ടകത്തിൽ ശ്രീഭൂമി എഫ്.സിക്കെതിരേ കളത്തിലിറങ്ങുന്നു. അവസാനമായി നടന്ന എവേ മത്സരത്തിൽ ഹോപ്സ് ഫുട്ബോൾ ക്ലബിനോട് പരാജയപ്പെട്ട ഗോകുലം ഇന്ന് ജയത്തോടെ തിരിച്ചുവരാൻ ആണ് ശ്രമിക്കുക. തുടർച്ചയായ അഞ്ച് മത്സരങ്ങളിലെ ജയത്തിന് ശേഷമായിരുന്നു ഗോകുലം അപ്രതീക്ഷിത തോൽവി നേരിട്ടത്.
സീസണിൽ ഒൻപത് മത്സരം പൂർത്തിയായപ്പോൾ ഗോകുലം 20 പോയിന്റുമായി പട്ടികയിൽ രണ്ടാം സ്ഥാനത്താണ്. ഇത്രയും മത്സരത്തിൽനിന്ന് 24 പോയിന്റുള്ള ഈസ്റ്റ് ബംഗാൾ പട്ടികയിൽ ഒന്നാം സ്ഥാനത്തുമുണ്ട്.
ഒൻപത് മത്സരത്തിൽ 12 പോയിന്റുള്ള ശ്രീഭൂമി പട്ടികയിൽ നാലാം സ്ഥാനത്താണ്. അവസാന മത്സരത്തിൽ കിക്ക്സ്റ്റാർട്ട് എഫ്.സിയോട് 3-2 ന്റെ തോൽവി നേരിട്ടാണ് ശ്രീഭൂമി എത്തുന്നത്. ഇന്ന് വൈകിട്ട് 3.30മുതലാണ് മത്സരം. മത്സരം വീക്ഷിക്കാനായി സൗജന്യമായി സ്റ്റേഡിയത്തിൽ പ്രവേശിക്കാനാകും.