ഐപിഎലില്‍ ഇന്നത്തെ രണ്ടാം മത്സരത്തിൽ മുംബൈയെ 155 റൺസിലൊതുക്കി ചെന്നൈ. നൂര്‍ അഹമ്മദ് നാലും ഖലീൽ അഹമ്മദ് മൂന്നും വിക്കറ്റ് നേടി ചെന്നൈ ബൗളിംഗിൽ തിളങ്ങിയപ്പോള്‍ അവസാന ഓവറുകളിൽ 15 പന്തിൽ 28 റൺസ് നേടിയ ദീപക് ചഹാറിന്റെ ബാറ്റിംഗ് ആണ് മുംബൈയെ 155 റൺസിലേക്ക് എത്തിച്ചത്. തിലക് വര്‍മ്മ 31 റൺസും സൂര്യകുമാര്‍ യാദവ് 29 റൺസും നേടി.
ആദ്യ ഓവറിൽ തന്നെ രോഹിത് ശര്‍മ്മയെ നഷ്ടമായ മുംബൈയ്ക്ക് അധികം വൈകാതെ ഓപ്പണര്‍ റയാന് റിക്കൽട്ടണിനെയും നഷ്ടമായി. വിൽ ജാക്സും പുറത്തായപ്പോള്‍ 36/3 എന്ന നിലയിലായിരുന്നു മുംബൈ. ഇതിൽ രോഹിത്തിനെയും റിക്കൽട്ടണിനെയും ഖലീൽ അഹമ്മദ് പുറത്താക്കിയപ്പോള്‍ വിൽ ജാക്സിന്റെ വിക്കറ്റ് അശ്വിന് ആണ് നേടിയത്.
അവിടെ നിന്ന് സൂര്യകുമാര്‍ യാദവ് – തിലക് വര്‍മ്മ കൂട്ടുകെട്ട് മുംബൈയെ മുന്നോട്ട് നയിച്ചു. 51 റൺസാണ് ഈ കൂട്ടുകെട്ട് നാലാം വിക്കറ്റിൽ നേടിയത്. സൂര്യകുമാര്‍ യാദവിനെ നൂര്‍ അഹമ്മദ് പുറത്താക്കിയതോടെയാണ് ഈ കൂട്ടുകെട്ടിന് അവസാനമായത്. സൂര്യകുമാര്‍ യാദവ് 29 റൺസാണ് നേടിയത്.
നൂര്‍ അഹമ്മദ് റോബിന് മിന്‍സിനെയും തിലക് വര്‍മ്മയെയും ഒരേ ഓവറിൽ പുറത്താക്കിയപ്പോള്‍ മുംബൈ പ്രതിരോധത്തിലായി. 31 റൺസായിരുന്നു തിലക് വര്‍മ്മ നേടിയത്. നമന്‍ ധിറിനെ പുറത്താക്കിയ നൂര്‍ അഹമ്മദ് തന്റെ നാലാം വിക്കറ്റ് നേടിയപ്പോള്‍ നാലോവറിൽ താരം വെറും 18 റൺസാണ് വിട്ട് നൽകിയത്.