ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) വിദേശ പര്യടനങ്ങളിൽ അടുത്തിടെ അവതരിപ്പിച്ച കുടുംബ നയത്തെ വിരാട് കോഹ്‌ലി കർശനമായി വിമർശിച്ചിരുന്നു. എന്നാൽ ബി സി സി ഐ നയത്തിൽ മാറ്റം വരുത്താൻ ബോർഡിന് പദ്ധതിയില്ലെന്ന് ബിസിസിഐ സെക്രട്ടറി ദേവജിത് സൈകിയ വ്യക്തമാക്കി.

ഓസ്‌ട്രേലിയയിൽ ഇന്ത്യയുടെ 3-1 ടെസ്റ്റ് പരമ്പര തോൽവിക്ക് ശേഷം നടപ്പിലാക്കിയ പുതിയ സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് പ്രൊസീജേഴ്‌സ് (എസ്ഒപി) വിദേശ പര്യടനങ്ങളിൽ കളിക്കാർ കുടുംബങ്ങളെ കൊണ്ടു പോകുന്നതിന് നിയന്ത്രണം കൊണ്ടു വന്നിരുന്നു.
ബിസിസിഐ പ്രസിഡൻ്റ് റോജർ ബിന്നിയുടെ കാലഘട്ടം മുതൽ പതിറ്റാണ്ടുകളായി ഇത്തരം നയങ്ങൾ നിലവിലുണ്ടെന്ന് സൈകിയ പ്രതികരിച്ചു. ടീമിൻ്റെ കെട്ടുറപ്പും അച്ചടക്കവും വർധിപ്പിക്കുന്നതിനാണ് അടുത്തിടെ വരുത്തിയ ഭേദഗതികളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഐപിഎൽ 2025 അവസാനിച്ചതിന് ശേഷം ജൂൺ, ജൂലൈ മാസങ്ങളിൽ ഇംഗ്ലണ്ടിൽ നടക്കാനിരിക്കുന്ന അഞ്ച് ടെസ്റ്റുകളുടെ പരമ്പരയാണ് ഇന്ത്യയുടെ അടുത്ത വിദേശ അസൈൻമെൻ്റ്.