ഹാംസ്ട്രിംഗ് പരിക്കിനെത്തുടർന്ന് മൂന്ന് മാസത്തെ ഇടവേളയ്ക്ക് ശേഷം മേസൺ മൗണ്ട് മാഞ്ചസ്റ്റർ യുണൈറ്റഡ് മാച്ച് സ്ക്വാഡിൽ തിരികെയെത്തുന്നു. താരം നാളെ നടക്കുന്ന ലെസ്റ്റർ സിറ്റിക്ക് എതിരായ മത്സരത്തിൽ കളിക്കും എന്ന് പരിശീലകൻ റൂബൻ അമോറിം പറഞ്ഞു.

ഡിസംബർ 15 ന് മാഞ്ചസ്റ്റർ ഡെർബിയ്ക്കിടെ ആയിരുന്നു മിഡ്ഫീൽഡർക്ക് പരിക്കേറ്റത്, 2023 ൽ മാഞ്ചസ്റ്റർ യുണൈറ്റഡിൽ ചേർന്നതിന് ശേഷം ആവർത്തിച്ചുള്ള ഫിറ്റ്നസ് പ്രശ്നങ്ങൾ കാരണം യുണൈറ്റഡിനായി അധികം മത്സരങ്ങൾ കളിക്കാൻ മൗണ്ടിനായിട്ടില്ല.
ഞായറാഴ്ച ലെസ്റ്റർ സിറ്റിക്കെതിരായ മത്സരത്തിൽ മൗണ്ട് ടീമിൻ്റെ ഭാഗമാകുമെന്ന് യുണൈറ്റഡ് മാനേജർ റൂബൻ അമോറിം സ്ഥിരീകരിച്ചു, “ഈ വാരാന്ത്യത്തിൽ മേസൺ മൗണ്ടിന് ബെഞ്ചിൽ ഉണ്ടാകാൻ കഴിയുമെന്ന് ഞാൻ കരുതുന്നു. അവൻ ഫിറ്റാണെങ്കിൽ, ഞാൻ അവനെ ടീമിനൊപ്പം കൊണ്ടുപോകും. അദ്ദേഹത്തിന് കൂടുതൽ മിനിറ്റ് കളിക്കാൻ കഴിയില്ല, പക്ഷേ മേസൺ മൗണ്ട് അഞ്ച് മിനിറ്റ് കളിക്കുക ആണെങ്കിലും അത് നല്ലതണ്.” റൂബൻ പറഞ്ഞു.
അമോറിം മിഡ്ഫീൽഡറുടെ കഴിവിൽ തൻ്റെ വിശ്വാസം പ്രകടിപ്പിച്ചു, “ഞാൻ മേസൺ മൗണ്ടിനെ ഒരുപാട് വിശ്വസിക്കുന്നു. മൗണ്ടിനെപ്പോലുള്ള കളിക്കാരെ നമുക്ക് ആവശ്യമുണ്ട്. അവൻ ഒരു യൂറോപ്യൻ ചാമ്പ്യനായിരുന്നു. അവൻ ശരിക്കും കഴിവുള്ള ഒരു കളിക്കാരനാണ്.” അമോറിം പറഞ്ഞു.