ഭൂവനേശ്വർ: ഇന്ത്യൻ വനിതാ ലീഗിൽ ജയം തുടരാൻ ഗോകുലം കേരളയുടെ വനിതാ ടീം ഇന്ന് കളത്തിലിറങ്ങുന്നു. എവേ മത്സരത്തിൽ ഒഡിഷ എഫ്.സിയെയാണ് മലബാറിയൻസിന്റെ പെൺപട നേരിടുന്നത്. ലീഗിൽ തുടർച്ചയായ നാലാം ജയം നേടിയ ഗോകുലം ഇപ്പോൾ മികച്ച ഫോമിലാണ്
അവാസനമായി നടന്ന എവേ മത്സരത്തിൽ നിത ക്ലബിനെതിരേ എതിരില്ലാത്ത രണ്ട് ഗോളിന്റെ ജയമായിരുന്നു ഗോകുലം നേടിയത്. ജനുവരിൽ കോഴിക്കോട് ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ ഒഡിഷക്കെതിരേ 1-1 ന്റെ സമനില നേടിയ ഗോകുലം എവേ മത്സരത്തിൽ എതിരാളികളെ വീഴ്ത്താനാണ് ഇത്തവണ ഭൂവനേശ്വറിൽ ഇറങ്ങുന്നത്. അവസാന മത്സരത്തിൽ ഷിൽക്കി ദേവിയും ശുഭാങ്കുയുമായി ഗോകുലത്തിനായി ഗോൾ നേടിയത്. വിദേശ താരം ഫസീലയും മികച്ച ഫോമിലാണെന്നുള്ളത് ഗോകുലത്തിന് ആത്മവിശ്വാസം നൽകുന്ന കാര്യമാണ്.
സീസണിൽ ഏഴു മത്സരം പൂർത്തിയാക്കിയ ഗോകുലം 17 പോയിന്റുമായി പട്ടികയിൽ രണ്ടാം സ്ഥാനത്തുണ്ട്. 18 പോയിന്റുള്ള ഈസ്റ്റ് ബംഗാൾ ഒന്നാം സ്ഥാനത്തുമുണ്ട്. 11 പോയിന്റുള്ള ഒഡിഷ പട്ടികയിൽ മൂന്നാം സ്ഥാനത്താണ്. അവസാന മത്സരത്തിൽ ഈസ്റ്റ് ബംഗാളിനെതിരേ 3-1 ന്റെ തോൽവി വഴങ്ങിയാണ് ഒഡിഷ എത്തുന്നത്. ഇന്നത്തെ മത്സരത്തിൽ ജയത്തിലൂടെ തിരിച്ച് വന്ന് ആത്മവിശ്വാസം തിരിച്ചുപിടിക്കുക എന്ന ലക്ഷ്യത്തോടെയാകും ഒഡിഷയും എത്തുക.
ഇരു ടീമുകളും തുല്യ ശക്തികളാകുമ്പോൾ ഒഡിഷയിലെ കലിംഗ സ്‌റ്റേഡിയത്തിൽ ഇന്ന് വൈകിട്ട് 3.30 മുതൽ മികച്ചൊരു മത്സരം പ്രതീക്ഷിക്കാം.