ഇംഗ്ലണ്ട് പരിശീലകൻ ആയി നിയമിതനായ ശേഷം തന്റെ ആദ്യ ഇംഗ്ലണ്ട് ടീം പ്രഖ്യാപിച്ചു പരിശീലകൻ തോമസ് ടുചൽ. മാർച്ച് 22, 25 തീയതികളിൽ നടക്കുന്ന ലോകകപ്പ് യോഗ്യത മത്സരങ്ങൾക്ക് ഉള്ള ടീമിനെയാണ് ഇംഗ്ലണ്ട് പ്രഖ്യാപിച്ചത്. അൽബാനിയ, ലാത്വിയ ടീമുകളെ ആണ് ഇംഗ്ലണ്ട് നേരിടുക. ഈ സീസണിൽ ആഴ്‌സണൽ ആദ്യ ടീമിൽ സ്ഥിരമായി ഇടം പിടിച്ച 18 കാരനായ ലെഫ്റ്റ് ബാക്ക് മൈൽസ് ലൂയിസ്-സ്‌കെല്ലി ഇംഗ്ലണ്ട് ടീമിൽ ഇടം പിടിച്ചു. താരം ആദ്യമായി ആണ് ഇംഗ്ലണ്ട് ദേശീയ ടീമിൽ ഇടം പിടിക്കുന്നത്. ന്യൂകാസ്റ്റിൽ യുണൈറ്റഡ് പ്രതിരോധ താരം ഡാൻ ബേണിനും ആദ്യമായി ഇംഗ്ലണ്ട് ടീമിലേക്ക് വിളി വന്നു.
യുവതാരങ്ങൾ ആയ ആസ്റ്റൺ വില്ലയുടെ മോർഗൻ റോജേഴ്‌സ്, ന്യൂകാസ്റ്റിലിന്റെ ലിവർമെന്റോ, ലിവർപൂളിന്റെ ക്വനാശ്, കർട്ടിസ് ജോൺസ് എന്നിവരും ടീമിൽ ഇടം നേടി. അതേസമയം സീനിയർ താരങ്ങൾ ആയ അയാക്സിന്റെ ജോർദൻ ഹെന്റേഴ്സനും ആസ്റ്റൺ വില്ലയിൽ ലോണിൽ കളിക്കുന്ന മാർക്കോസ് റാഷ്ഫോർഡും ചെൽസിയുടെ റീസ് ജെയിംസും ടീമിൽ തിരിച്ചെത്തി. വില്ലയിലെ മികവ് ആണ് മാഞ്ചസ്റ്റർ യുണൈറ്റഡ് താരത്തിന് ടീമിൽ വീണ്ടും ഇടം നൽകിയത്. പരിക്കേറ്റ ബുകയോ സാക, ട്രന്റ് അലക്‌സാണ്ടർ അർണോൾഡ് എന്നിവർ ആണ് ടീമിൽ ഇടം നേടാത്ത പ്രമുഖ താരങ്ങൾ. ഉഗ്രൻ ഫോമിലുള്ള നോട്ടിങ്ഹാം ഫോറസ്റ്റ് താരം മോർഗൻ ഗിബ്‌സ്- വൈറ്റ് ടീമിൽ ഇടം പിടിക്കാത്തത് അത്ഭുതം ആണ്. ഹാരി കെയിൻ തന്നെയാവും ഇംഗ്ലണ്ടിനെ നയിക്കുക.