യുവ വിങ്ങർ ജിയോവാനി ക്വെൻഡയെ സ്വന്തമാക്കാൻ ചെൽസി സ്പോർട്ടിംഗ് സിപിയുമായി ധാരണയിലെത്തിയതായി അത്ലറ്റിക് റിപ്പോർട്ട് ചെയ്യുന്നു. 2026 ജൂലൈയിൽ താരം ചെൽസിക്ക് ഒപ്പം ചേരും. 2025-26 സീസണിൽ 17-കാരൻ പോർച്ചുഗീസ് ക്ലബ്ബിൽ തന്നെ തുടരും. 2033 വരെ നീളുന്ന ഏഴ് വർഷത്തെ കരാറിൽ ക്വെൻഡ ഒപ്പുവെച്ചിട്ടുണ്ട്.

ഏകദേശം 45-50 മില്യൺ യൂറോ വിലമതിക്കുന്നതാകും ഈ കരാർ. ജനുവരിയിൽ പോർച്ചുഗൽ അണ്ടർ 21 ഇൻ്റർനാഷണലിന് വേണ്ടി മാഞ്ചസ്റ്റർ യുണൈറ്റഡ് 40 മില്യൺ വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ അന്ന് സ്പോർടിങ് താരത്തെ വിൽക്കാൻ തയ്യാറായില്ല.
ചാമ്പ്യൻസ് ലീഗിലെ 10 മത്സരങ്ങൾ ഉൾപ്പെടെ 43 മത്സരങ്ങൾ യുവതാരം ഇതിനകം സ്പോർടിങിനായി കളിച്ചിട്ടുണ്ട്.