മാഞ്ചസ്റ്റർ യുണൈറ്റഡ് തകർപ്പൻ ജയവുമായി യൂറോപ്പ ലീഗ് ക്വാർട്ടർ ഫൈനലിൽ. ഇന്ന് ഓൾഡ് ട്രാഫോർഡിൽ നടന്ന രണ്ടാം പാദ പ്രീക്വാർട്ടർ പോരാട്ടത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് റയൽ സോസിഡാഡിനെതിരെ 4-1ന്റെ വിജയം നേടി. അഗ്രഗേറ്റ് സ്കോറിൽ യുണൈറ്റഡ് 5-2ന്റെ ജയമാണ് നേടിയത്. ക്യാപ്റ്റൻ ബ്രൂണോ ഫെർണാണ്ടസ് ഇന്ന് യുണൈറ്റഡിനായി ഹാട്രിക്ക് നേടി.

ഇന്ന് മാഞ്ചസ്റ്റർ യുണൈറ്റഡിന് ആശങ്ക നൽകുന്ന തുടക്കമാണ് ലഭിച്ചത്. മത്സരം ആരംഭിച്ച് എട്ടാം മിനുറ്റിൽ തന്നെ റയൽ സോസിഡാഡ് ലീഡ് എടുത്തു. ഒരു പെനാൽറ്റിയിൽ നിന്ന് ഒയർസബാൾ ആണ് ഗോൾ നേടിയത്.
എന്നാൽ ഈ ലീഡ് അധികം നീണ്ടു നിന്നില്ല. 16ആം മിനുറ്റിൽ ഹൊയ്ലുണ്ടിനെ ഫൗൾ ചെയ്തതിന് മാഞ്ചസ്റ്റർ യുണൈറ്റഡിന് അനുകൂലമായും ഒരു പെനാൽറ്റി ലഭിച്ചു. പെനാൽറ്റി ബ്രൂണോ ഫെർണാണ്ടസ് ലക്ഷ്യത്തിൽ എത്തിച്ചു. സ്കോർ 1-1 (2-2).
മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതിനു ശേഷം നല്ല അവസരങ്ങൾ സൃഷ്ടിച്ചു എങ്കിലും ആദ്യ പകുതിയിൽ സ്കോർ 1-1 എന്ന് തുടർന്നു. രണ്ടാം പകുതിയുടെ തുടക്കത്തിൽ യുണൈറ്റഡിന് അനുകൂലമായി ഒരു പെനാൽറ്റി കൂടെ ലഭിച്ചു. വീണ്ടും ബ്രൂണോ ഫെർണാണ്ടസ് ലക്ഷ്യം തെറ്റാതെ പന്ത് വലയിൽ എത്തിച്ചു. സ്കോർ 2-1. (3-2).
63ആം മിനുറ്റിൽ റയൽ സോസിഡാഡ് താരം അരംബുരു ചുവപ്പ് കാർഡ് കണ്ടു. ഡോർഗുവിനെ ഫൗൾ ചെയ്തതിനായിരുന്നു ഈ ചുവപ്പ്. ഇതോടെ സോസിഡാഡ് 10 പേരായി ചുരുങ്ങി. പിന്നീട് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പൂർണ്ണ ആധിപത്യം കാണാൻ ആയി. 86ആം മിനുട്ടിൽ ഗർനാചോയുടെ പാസ് സ്വീകരിച്ച് ബ്രൂണോ ഫെർണാണ്ടസ് ഹാട്രിക്ക് പൂർത്തിയാക്കി.
പിമ്മാൽസ് ഇഞ്ച്വറി ടൈമിൽ ഹൊയ്ലുണ്ടിന്റെ പാസിൽ നിന്ന് ഡാലോട്ട് കൂടെ ഗോൾ നേടിയതോടെ യുണൈറ്റഡ് വിജയം പൂർത്തിയാക്കി.