ഏകദിന ക്രിക്കറ്റിൽ നിന്ന് വിരമിക്കുന്നതിനെക്കുറിച്ച് രോഹിത് ശർമ്മ ചിന്തിക്കരുതെന്ന് ദക്ഷിണാഫ്രിക്കയുടെയും റോയൽ ചലഞ്ചേഴ്‌സിന്റെയും ഇതിഹാസം എബി ഡിവില്ലിയേഴ്‌സ്.

“മറ്റ് ക്യാപ്റ്റന്മാരുമായി താരതമ്യപ്പെടുത്തുമ്പോൾ, രോഹിത്തിന്റെ വിജയ ശതമാനം നോക്കൂ, ഇത് ഏകദേശം 74% ആണ്, ഇത് മുൻകാലങ്ങളിലെ മറ്റേതൊരു ക്യാപ്റ്റനെക്കാളും വളരെ കൂടുതലാണ് ഇത്. അദ്ദേഹം തുടർന്നാൽ, എക്കാലത്തെയും മികച്ച ഏകദിന ക്യാപ്റ്റന്മാരിൽ ഒരാളായി അദ്ദേഹം മാറും. താൻ വിരമിക്കുന്നില്ലെന്നും അഭ്യൂഹങ്ങൾ പ്രചരിപ്പിക്കുന്നത് നിർത്തണമെന്നും രോഹിത് അഭ്യർത്ഥിച്ചിട്ടുണ്ട്.” ഡിവില്ലിയേഴ്സ് പറഞ്ഞു.
നേതൃത്വത്തിനപ്പുറം, രോഹിതിന്റെ ബാറ്റിംഗിനെയും, പ്രത്യേകിച്ച് ഇന്നിംഗ്‌സിന്റെ തുടക്കത്തിൽ അദ്ദേഹം നടത്തുന്ന ആക്രമണാത്മക സമീപനത്തെയും ഡിവില്ലിയേഴ്‌സ് പ്രശംസിച്ചു. ഇന്ത്യയുടെ വിജയത്തിന് അടിത്തറ പാകിയ ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ രോഹിത്തിന്റെ നിർണായകമായ 76 റൺസ് നേടിയ പ്രകടനത്തെ അദ്ദേഹം ചൂണ്ടിക്കാട്ടി.
“അദ്ദേഹം തന്റെ കളിയിൽ ഒരു പരിധിവരെ മാറ്റം വരുത്തിയിട്ടുണ്ട്. പവർപ്ലേയിലെ അദ്ദേഹത്തിന്റെ സ്ട്രൈക്ക് റേറ്റ് പരിശോധിച്ചാൽ മനസ്സിലാകും. 2022 മുതൽ, ആദ്യ പവർപ്ലേയിൽ അദ്ദേഹത്തിന്റെ സ്ട്രൈക്ക് റേറ്റ് 115 ആയി ഉയർന്നു, അതാണ് വ്യത്യാസം.” എ ബി ഡി പറഞ്ഞു.