എമിറേറ്റ്‌സിൽ സമനിലയും ആയി ആഴ്‌സണൽ ക്വാർട്ടർ ഫൈനലിലേക്ക്

Wasim Akram

Picsart 25 03 13 03 37 03 809

യുഫേഫ ചാമ്പ്യൻസ് ലീഗിൽ ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറി ആഴ്‌സണൽ. ഡച്ച് ചാമ്പ്യൻമാർ ആയ പി.എസ്.വിയെ ആദ്യ പാദത്തിൽ 7-1 തകർത്ത ആഴ്‌സണൽ ആദ്യ എട്ടിലെ സ്ഥാനം ഉറപ്പിച്ചു തന്നെയാണ് കളിക്കാൻ ഇറങ്ങിയത്. നിരവധി മാറ്റങ്ങളും ആയി ഇറങ്ങിയ ആഴ്‌സണൽ, മധ്യനിരയിൽ കളിക്കാൻ ഇറങ്ങിയ സിഞ്ചെങ്കോയുടെ ഗോളിൽ ആറാം മിനിറ്റിൽ തന്നെ മുന്നിൽ എത്തി. റഹീം സ്റ്റെർലിങിന്റെ പാസിൽ നിന്നായിരുന്നു ഉക്രൈൻ താരത്തിന്റെ ഗോൾ. എന്നാൽ 18 മത്തെ മിനിറ്റിൽ ആഴ്‌സണൽ പ്രതിരോധത്തിലെ പിഴവിൽ നിന്നു ടിലിന്റെ പാസിൽ നിന്നു പെരിസിച് പി.എസ്.വിക്ക് മത്സരത്തിൽ സമനില സമ്മാനിച്ചു.

ആഴ്‌സണൽ

37 മത്തെ മിനിറ്റിൽ റഹീം സ്റ്റെർലിങിന്റെ അതുഗ്രൻ ക്രോസിൽ നിന്നു ഹെഡറിലൂടെ ഗോൾ നേടിയ ഡക്ലൻ റൈസ് ആഴ്‌സണലിന് വീണ്ടും മുൻതൂക്കം നൽകി. അതിനു മുമ്പ് ലൂയിസ്-സ്‌കെല്ലിയുടെ ശ്രമം പോസ്റ്റിൽ തട്ടി മടങ്ങിയിരുന്നു. തുടർന്ന് രണ്ടാം പകുതിയിൽ പി.എസ്.വി നന്നായി ആണ് കളിച്ചത്. പലപ്പോഴും റയയെ അവർ പരീക്ഷിക്കുകയും ചെയ്തു. 70 മത്തെ മിനിറ്റിൽ ജോർജീന്യോയുടെ പിഴവിൽ നിന്നു ലഭിച്ച അവസരത്തിൽ നിന്നു ഉഗ്രൻ ഗോളിലൂടെ ഡ്രിയച് ഡച്ച് ടീമിന് ഇന്ന് അർഹിച്ച സമനില സമ്മാനിക്കുക ആയിരുന്നു. 9-3 ന്റെ ജയവും ആയി ക്വാർട്ടറിൽ എത്തുന്ന ആഴ്‌സണൽ മാഡ്രിഡ് ടീമുകളിൽ ഒന്നിനെ ആവും അവസാന എട്ടിൽ നേരിടുക.