ആലപ്പുഴ : കെസിഎ പ്രസിഡൻ്റ്സ് ട്രോഫിയിൽ ഈഗിൾസിനും ടൈഗേഴ്സിനും വിജയം. ലയൺസിനെ ആറ് വിക്കറ്റിനാണ് ഈഗിൾസ് തോല്പിച്ചത്. രണ്ടാം മല്സരത്തിൽ പാന്തേഴ്സിനെതിരെ വിജെഡി നിയമപ്രകാരം 61 റൺസിനായിരുന്നു ടൈഗേഴ്സിൻ്റെ വിജയം.

അഭിഷേക് പി നായരുടെ ഓൾ റൌണ്ട് മികവിനും ലയൺസിന് വിജയമൊരുക്കാനായില്ല. റൺമഴ പെയ്ത മല്സരത്തിൽ വിഷ്ണുരാജിൻ്റെ തകർപ്പൻ ബാറ്റിങ്ങാണ് ഈഗിൾസിന് വിജയമൊരുക്കിയത്. ആദ്യം ബാറ്റ് ചെയ്ത ലയൺസ് 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 214 റൺസെടുത്തു. സെഞ്ച്വറി നേടിയ അഭിഷേകിൻ്റെ ഇന്നിങ്സാണ് ലയൺസിനെ മികച്ച സ്കോറിലെത്തിച്ചത്. 52 പന്തുകളിൽ ഏഴ് ഫോറും പത്ത് സിക്സും അടക്കം 108 റൺസാണ് അഭിഷേക് നേടിയത്. 29 റൺസെടുത്ത ആൽഫി ഫ്രാൻസിസും ലയൺസ് ബാറ്റിങ് നിരയിൽ തിളങ്ങി. ഈഗിൾസിന് വേണ്ടി ജോസ് പെരയിലും രാഹുൽ ചന്ദ്രനും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഈഗിൾസിന് വിഷ്ണുരാജും ഭരത് സൂര്യയും ചേർന്നുള്ള 134 റൺസിൻ്റെ രണ്ടാം വിക്കറ്റ് കൂട്ടുകെട്ടാണ് വിജയമൊരുക്കിയത്. വിഷ്ണുരാജ് 51 പന്തുകളിൽ പത്ത് ഫോറും അഞ്ച് സിക്സും അടക്കം 97 റൺസ് നേടി. ഭരത് സൂര്യ 31 പന്തുകളിൽ 53 റൺസും അക്ഷയ് മനോഹർ ഒൻപത് പന്തുകളിൽ 26 റൺസും നേടി. ഒൻപത് പന്ത് ബാക്കി നില്ക്കെ ഈഗിൾസ് ലക്ഷ്യത്തിലെത്തി. ലയൺസിന് വേണ്ടി അഭിഷേക് രണ്ട് വിക്കറ്റ് വീഴ്ത്തി.
രണ്ടാം മല്സരത്തിൽ വിജെഡി നിയമപ്രകാരമായിരുന്നു ടൈഗേഴ്സിൻ്റെ വിജയം. ആദ്യം ബാറ്റ് ചെയ്ത ടൈഗേഴ്സ് 15 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 161 റൺസെടുത്തു. രോഹൻ നായരും പ്രീതിഷ് പവനും ചേർന്നുള്ള കൂട്ടുകെട്ടാണ് ടൈഗേഴ്സിന് കരുത്തായത്. രോഹൻ 46 പന്തുകളിൽ 88ഉം പ്രീതിഷ് 17 പന്തുകളിൽ 36 റൺസും നേടി. പാന്തേഴ്സിന് വേണ്ടി അഖിൻ സത്താറും മൊഹമ്മദ് ഇനാനും രണ്ട് വിക്കറ്റുകൾ വീതം വീഴ്ത്തി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ പാന്തേഴ്സിന് വത്സൽ ഗോവിന്ദും എസ് സുബിനും ചേർന്ന് തകർപ്പൻ തുടക്കം നല്കിയെങ്കിലും അത് നിലനിർത്താനായില്ല. വത്സൽ 27ഉം സുബിൻ 19ഉം റൺസ് നേടി പുറത്തായി. തുടർന്നെത്തിയവരും അവസരത്തിനൊത്ത് ഉയരാതെ പോയതോടെ 11.1 ഓവറിൽ 111 റൺസിന് പാന്തേഴ്സ് ഓൾ ഔട്ടായി. അഞ്ച് വിക്കറ്റ് വീഴ്ത്തിയ അൻഫലാണ് പാന്തേഴ്സ് ബാറ്റിങ് നിരയെ തകർത്തത്. അഭിറാമും ജിഷ്ണുവും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.