പ്രധാന ടൂർണമെന്റുകളിൽ ഇന്ത്യയോട് പക്ഷപാതം കാണിക്കുന്നുവെന്ന് ആരോപിച്ച് വെസ്റ്റ് ഇൻഡീസിന്റെ ഇതിഹാസ ഫാസ്റ്റ് ബൗളർ ആൻഡി റോബർട്ട്സ് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിനെ (ഐസിസി) വിമർശിച്ചു. 2024 ലെ ടി 20 ലോകകപ്പ്, ചാമ്പ്യൻസ് ട്രോഫി 2025 എന്നിവയിൽ നിന്നുള്ള ഉദാഹരണങ്ങൾ ഉദ്ധരിച്ച്, ഇന്ത്യയുടെ ആവശ്യങ്ങൾ ഐസിസി നിരന്തരം അംഗീകരിക്കുന്നുണ്ടെന്ന് അദ്ദേഹം ആരോപിച്ചു.

മിഡ്-ഡേയ്ക്ക് നൽകിയ അഭിമുഖത്തിൽ, പ്രത്യേകിച്ച് ആഗോള ടൂർണമെന്റുകളിലെ ഇന്ത്യയുടെ ഷെഡ്യൂളിനെക്കുറിച്ച് റോബർട്ട്സ് തന്റെ ആശങ്കകൾ പ്രകടിപ്പിച്ചു. 2024 ലെ ടി 20 ലോകകപ്പിൽ, സെമി ഫൈനൽ എവിടെ നടക്കുമെന്ന് മുൻകൂട്ടി അറിയാനുള്ള നേട്ടം ഇന്ത്യയ്ക്കുണ്ടായിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി, അത് അവർക്ക് അന്യായമായ നേട്ടം നൽകിയെന്ന് അദ്ദേഹം കരുതി.
“ഇന്ത്യയ്ക്ക് എല്ലാം നൽകാൻ കഴിയില്ല. ഐസിസി ചിലപ്പോൾ എങ്കിലും ഇന്ത്യയോട് നോ പറയണം,” റോബർട്ട്സ് പറഞ്ഞു. “ചാമ്പ്യൻസ് ട്രോഫിയിൽ, ഇന്ത്യയ്ക്ക് യാത്ര ചെയ്യേണ്ടിവന്നില്ല. ഒരു ടൂർണമെന്റിനിടെ ഒരു ടീമിന് എങ്ങനെ യാത്ര ചെയ്യാതിരിക്കാൻ കഴിയും?” – അദ്ദേഹം ചോദിച്ചു
ഐസിസിയെ ഫലപ്രദമായി നിയന്ത്രിക്കുന്നത് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡാണെന്ന് റോബർട്ട്സ് ആരോപിച്ചു. “എനിക്ക്, ഐസിസി ഇന്ത്യൻ ക്രിക്കറ്റ് ബോർഡിനെയാണ് പ്രതിനിധകരിക്കുന്നത് എന്നാണ് തോന്നുന്നത്. ഇന്ത്യയാണ് എല്ലാം നിർദ്ദേശിക്കുന്നത്. നാളെ ഇന്ത്യ ‘നോ-ബോളുകളും വൈഡുകളും ഉണ്ടാകരുത്’ എന്ന് പറഞ്ഞാൽ, ഇന്ത്യയെ തൃപ്തിപ്പെടുത്താൻ ഐസിസി ഒരു വഴി കണ്ടെത്തും,” അദ്ദേഹം കൂട്ടിച്ചേർത്തു.
2025 ലെ ചാമ്പ്യൻസ് ട്രോഫിയുമായി ബന്ധപ്പെട്ട വിവാദത്തിന്റെ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ അഭിപ്രായങ്ങൾ. ഇന്ത്യയുടെ എല്ലാ മത്സരങ്ങളും ദുബായിൽ നടത്താനുള്ള ഐസിസിയുടെ തീരുമാനത്തെ വെസ്റ്റ് ഇൻഡീസിന്റെ മറ്റൊരു ഇതിഹാസമായ വിവ് റിച്ചാർഡ്‌സും ചോദ്യം ചെയ്തിരുന്നു.