യുഫേഫ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറി ബയേൺ മ്യൂണിക്. ആദ്യ പാദത്തിൽ നാട്ടുകാരായ ബയേർ ലെവർകുസനെ 3-0 നു തോൽപ്പിച്ച കൊമ്പനിയുടെ ബയേൺ ഇന്ന് സ്വന്തം മൈതാനത്ത് എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് ആണ് ജയം കണ്ടത്. ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിൽ 52 മത്തെ മിനിറ്റിൽ ഹാരി കെയിൻ ആണ് ബയേണിനു മത്സരത്തിൽ മുൻതൂക്കം നൽകിയത്.
ഒരു ചാമ്പ്യൻസ് ലീഗ് സീസണിൽ 10 ഗോളുകൾ നേടുന്ന ആദ്യ ഇംഗ്ലീഷ് താരമായി ഇതോടെ കെയിൻ. തുടർന്ന് 71 മത്തെ മിനിറ്റിൽ കെയിനിന്റെ ബുദ്ധിപരമായ പാസിൽ നിന്നു ഗോൾ കണ്ടെത്തിയ അൽഫോൺസോ ഡേവിസ് ബയേണിന്റെ 5-0 ന്റെ ഇരു പാദങ്ങളിലും ആയുള്ള വമ്പൻ ജയം പൂർത്തിയാക്കി. ബയേണിനു എതിരെ ഒരു ഗോൾ പോലും അടിക്കാൻ സാബിയുടെ ടീമിന് രണ്ടു മത്സരങ്ങളിലും ആയി ആയില്ല. ക്വാർട്ടർ ഫൈനലിൽ ഇന്റർ മിലാൻ ആണ് ബയേണിന്റെ എതിരാളികൾ.