ദുബായ് ഇൻ്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന ഫൈനലിൽ ന്യൂസിലൻഡിനെ നാല് വിക്കറ്റിന് തോൽപ്പിച്ച് ചാമ്പ്യൻസ് ട്രോഫി സ്വന്തമാക്കിയ ഇന്ത്യൻ ടീമിനെ പ്രശംസിച്ച് സുനിൽ ഗവാസ്കർ.

ഐസിസി ടൂർണമെൻ്റുകളിൽ ഇന്ത്യയുടെ സ്ഥിരത ഇത് കാണിക്കുന്നു എന്ന് ഗവാസ്കർ പറഞ്ഞു. “ഒരു സംശയവുമില്ലാതെ നമ്മുക്ക് പറയാം, 50 ഓവർ ഫൈനൽ, ടി20 ലോകകപ്പ് വിജയം, ഇപ്പോൾ ചാമ്പ്യൻസ് ട്രോഫി എന്നിങ്ങനെ മൂന്ന് ഫൈനലുകളിലെത്തിയ ഏതൊരു ടീമും ഈ ഗ്രഹത്തിലെ ഏറ്റവും മികച്ച വൈറ്റ് ബോൾ ടീമായി കണക്കാക്കണം,” ഇന്ത്യ ടുഡേയ്ക്ക് നൽകിയ അഭിമുഖത്തിൽ ഗവാസ്കർ പറഞ്ഞു.
ടൂർണമെൻ്റിലുടനീളം തോൽവിയറിയാതെ നിന്ന ഇന്ത്യയുടെ കിരീടത്തിലേക്കുള്ള യാത്ര കുറ്റമറ്റതായിരുന്നു. ബംഗ്ലദേശ്, പാകിസ്ഥാൻ, ന്യൂസിലാൻഡ് എന്നീ ടീമുകളെ തോൽപ്പിച്ച അവർ സെമിയിൽ ഓസ്‌ട്രേലിയയെയും പരാജയപ്പെടുത്തി.. ഫൈനലിൽ ന്യൂസിലൻഡ് ഉയർത്തിയ 252 റൺസ് എന്ന വിജയലക്ഷ്യം ഇന്ത്യ ഒരു ഓവർ ശേഷിക്കെ മറികടക്കുകയായിരുന്നു.