ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്ന് നടന്ന മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡും ആഴ്സ്ണലും സമനിലയിൽ പിരിഞ്ഞു. 1-1 എന്ന നിലയിൽ ആണ് കളി അവസാനിച്ചത്. യുണൈറ്റഡിനായി ബ്രൂണോ ഫെർണാണ്ടസും ആഴ്സ്ണലിനായി ഡക്ലൻ റൈസും ഗോൾ നേടി.

ഇന്ന് ഓൾഡ്ട്രാഫോർഡിൽ ഡിഫൻസിൽ ഊന്നിയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് കളി ആരംഭിച്ചത്. ഈ ടാക്ടിക്സ് ആദ്യ പകുതിയിൽ നന്നായി ഫലം കണ്ടു. ആഴ്സണലിന് അധികം അവസരം ലഭിച്ചില്ല. ആദ്യ പകുതിയുടെ അവസാനം ബ്രൂണോ ഫെർണാണ്ടസിലൂടെ മാഞ്ചസ്റ്റർ യുണൈറ്റഡ് ലീഡ് എടുക്കുകയും ചെയ്തു.
ഒരു ഫ്രീകിക്കിൽ നിന്നായിരുന്നു ബ്രൂണോ ഫെർണാണ്ടസിന്റെ മനോഹരമായ ഗോൾ. ഇത് ആദ്യ പകുതിയിൽ യുണൈറ്റഡിനെ ലീഡിൽ നിർത്തി. രണ്ടാം പകുതിയിൽ ലീഡ് ഉയർത്താൻ യുണൈറ്റഡിന് നല്ല അവസരങ്ങൾ ലഭിച്ചു. മസ്റോയിയുടെയും സിർക്സിയുടെയും രണ്ട് നല്ല അവസരങ്ങൾ ആഴ്സണൽ കീപ്പർ റയ ഗംഭീരമായി തടഞ്ഞു.
75ആം മിനുറ്റിൽ ആഴ്സണൽ തിരിച്ചടിച്ചു. ഡെക്ലൻ റൈസിന്റെ സ്ട്രൈക്ക് ആണ് ഒനാനയെ കീഴ്പ്പെടുത്തി വലയിൽ എത്തിയത്. സ്കോർ 1-1. 93ആം മിനുറ്റിൽ ബ്രൂണോയുടെ ഒരു ഷോട്ട് ഹീറോയിക് സേവിലൂടെ റയ തടഞ്ഞത് ആഴ്സനാലിനെ പരാജയത്തിൽ നിന്ന് രക്ഷിച്ചു.
ഈ സമനിലയോടെ ആഴ്സണൽ 55 പോയിന്റുമായി രണ്ടാമത് നിൽക്കുകയാണ്. മാഞ്ചസ്റ്റർ യുണൈറ്റഡ് 34 പോയിന്റുമായി 14ആം സ്ഥാനത്തും നിൽക്കുന്നു.