യുപി വാരിയേഴ്സ് നൽകിയ കൂറ്റന്‍ ലക്ഷ്യം ചേസ് ചെയ്തിറങ്ങിയ ആര്‍സിബിയ്ക്ക് 12 റൺസ് തോൽവി. ജയിക്കാന്‍ 226 റൺസ് വേണ്ടിയിരുന്ന ടീമിന് 19.3 ഓവറിൽ 213 റൺസ് മാത്രമേ നേടാനായുള്ളു. റിച്ച ഘോഷ് നടത്തിയ ചെറുത്ത്നില്പ് മാറ്റി നിര്‍ത്തിയാൽ ആര്‍സിബി നിരയിൽ ആരും പോരാട്ട വീര്യം പുറത്തെടുത്തില്ലെങ്കിലും 19ാം ഓവറിൽ സ്നേഹ് റാണയുടെ കാമിയോ ഇന്നിംഗ്സ് ആര്‍സിബിയ്ക്ക് പ്രതീക്ഷ നൽകുന്നതായിരുന്നു. എന്നാൽ അതേ ഓവറിൽ തന്നെ റാണയെ പുറത്താക്കി യുപി മത്സരം തങ്ങളുടെ വരുതിയിലാക്കുകയായിരുന്നു. നേരത്തെ തന്നെ പുറത്തായ യുപി നിലവിലെ ചാമ്പ്യന്മാരായ ആര്‍സിബിയെയും പ്ലേ ഓഫ് റേസിൽ നിന്ന് പുറത്താക്കുകയായിരുന്നു ഇന്നത്തെ ജയത്തോടെ.
33 പന്തിൽ നിന്ന് 69 റൺസ് നേടിയ റിച്ച ഘോഷ് മാത്രമാണ് ആര്‍സിബി നിരയിൽ പൊരുതി നോക്കിയത്. സ്മൃതി മന്ഥാന 12 പന്തിൽ 27 റൺസും എലീസ് പെറി 15 പന്തിൽ 28 റൺസും നേടിയെങ്കിലും ഇരുവരും അധിക നേരം ക്രീസിൽ നിൽക്കാനാകാതെ പോയത് ആര്‍സിബിയ്ക്ക് തിരിച്ചടിയായി.
മത്സരം ഏറെക്കുറെ കൈവിട്ട ഘട്ടത്തിലാണ് ദീപ്തി ശര്‍മ്മ എറിഞ്ഞ 19ാം ഓവറിൽ മത്സരഗതി മാറി മറിയുന്നത് കണ്ടത്. ദീപ്തി ശര്‍മ്മയ്ക്കെതിരെ സ്നേഹ് റാണ മൂന്ന് സിക്സും രണ്ട് ബൗണ്ടറിയും നേടിയപ്പോള്‍ ആര്‍സിബിയ്ക്ക് മുന്നില്‍ ലക്ഷ്യം 7 പന്തിൽ 15 റൺസായി. എന്നാൽ അവസാന ഓവറിൽ റാണയുടെ വിക്കറ്റ് നഷ്ടമായത് ആര്‍സിബിയ്ക്ക്ക് തിരിച്ചടിയായി. ഓവറിൽ നിന്ന് 28 റൺസ് വന്നപ്പോള്‍ സ്നേഹ റാണ 6 പന്തിൽ നിന്ന് 26 റൺസാണ് നേടിയത്.
അവസാന ഓവറിൽ ജയത്തിനായി 15 റൺസ് വേണ്ടിയിരുന്ന ആര്‍സിബിയ്ക്ക് 213 റൺസ് മാത്രം നേടാനായപ്പോള്‍ യുപി 12 റൺസ് വിജയം കരസ്ഥമാക്കി.
യുപിയ്ക്കായി സോഫി എക്ലെസ്റ്റോൺ, ദീപ്തി ശര്‍മ്മ മൂന്ന് വിക്കറ്റും ചിനെല്ലേ ഹെന്‍റി 2 വിക്കറ്റും നേടി.