മാർച്ച് 9 ന് ദുബായിൽ നടക്കുന്ന ഐസിസി ചാമ്പ്യൻസ് ട്രോഫി 2025 ഫൈനലിൽ ഇന്ത്യ ന്യൂസിലൻഡിനെ നേരിടാൻ തയ്യാറെടുക്കുമ്പോൾ വിരാട് കോഹ്‌ലി ഒന്നിലധികം റെക്കോർഡുകളുടെ വക്കിലാണ്. ക്രിസ് ഗെയ്‌ലിനെ (791 റൺസ്) മറികടന്ന് ചാമ്പ്യൻസ് ട്രോഫി ചരിത്രത്തിലെ ഏറ്റവും കൂടുതൽ റൺസ് സ്‌കോറർ ആകാൻ ഇന്ത്യൻ താരത്തിന് വേണ്ടത് 46 റൺസ് മാത്രമാണ്. നാല് പതിപ്പുകളിലായി 17 മത്സരങ്ങളിൽ നിന്ന് 746 റൺസാണ് കോഹ്‌ലിയുടെ ഇതുവരെയുള്ള സമ്പാദ്യം.

ശിഖർ ധവാനെ (701 റൺസ്) മറികടന്ന് ചാമ്പ്യൻസ് ട്രോഫി ചരിത്രത്തിൽ ഇന്ത്യയുടെ ടോപ് സ്‌കോററായി അദ്ദേഹം ഇതിനകം മാറിയിട്ടുണ്ട്. കൂടാതെ, ഈ ചാമ്പ്യൻസ് ട്രോഫി ടൂർണമെന്റിൽ ഏറ്റവും കൂടുതൽ റൺസ് നേടിയവരുടെ പട്ടികയിൽ കോഹ്‌ലി നാലാമതാണ്, നാല് മത്സരങ്ങളിൽ നിന്ന് 217 റൺസ് ആണ് കോഹ്ലിക്ക് ഉള്ളത്. ഇംഗ്ലണ്ടിൻ്റെ ബെൻ ഡക്കറ്റ് 227 റൺസുമായി ലീഡ് ചെയ്യുന്നു. ഫൈനലിൽ അത് മറികടക്കുക ആകും കോഹ്ലിയുടെ ലക്ഷ്യം.
ഫൈനലിൽ കോഹ്‌ലിക്ക് കുമാർ സംഗക്കാരയെ (14,234 റൺസ്) മറികടന്ന് ഏകദിന ചരിത്രത്തിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന രണ്ടാമത്തെ താരമായും മാറാൻ ആകും. നിലവിൽ 301 ഏകദിനങ്ങളിൽ നിന്ന് 14,180 റൺസ് നേടിയ കോഹ്‌ലിക്ക് ശ്രീലങ്കൻ ഇതിഹാസത്തെ മറികടക്കാൻ 55 റൺസ് കൂടി വേണം.