കെസിഎ പ്രസിഡൻ്റ്സ് കപ്പിൽ റോയൽസിനും പാന്തേഴ്സിനും വിജയം

Newsroom

Picsart 25 03 07 19 44 35 496
Download the Fanport app now!
Appstore Badge
Google Play Badge 1

കെസിഎ പ്രസിഡൻ്റ്സ് കപ്പിൽ തുടരെ മൂന്നാം വിജയവുമായി റോയൽസ്. ഈഗിൾസിനെ അഞ്ച് വിക്കറ്റിനാണ് റോയൽസ് തോല്പിച്ചത്. മറ്റൊരു മല്സരത്തിൽ ലയൺസിനെ ആറ് വിക്കറ്റിന് തോല്പിച്ച് പാന്തേഴ്സ് ടൂർണ്ണമെൻ്റിലെ രണ്ടാം വിജയം സ്വന്തമാക്കി.

1000101646

റണ്ണൊഴുകിയ ആദ്യ മല്സരത്തിൽ റോയൽസിനെതിരെ ആദ്യം ബാറ്റ് ചെയ്ത ഈഗിൾസ് ഏഴ് വിക്കറ്റ് നഷ്ടത്തിൽ 198 റൺസെടുത്തു. 55 റൺസെടുത്ത ഭരത് സൂര്യയാണ് ഈഗിൾസിൻ്റെ ടോപ് സ്കോറർ. എട്ട് പന്തുകളിൽ അഞ്ച് ഫോറും ഒരു സിക്സുമടക്കം 26 റൺസെടുത്ത വിഷ്ണുരാജിൻ്റെ പ്രകടനമാണ് ഈഗിൾസ് നിരയിൽ ഏറ്റവും ശ്രദ്ധേയമായത്. 16 പന്തുകളിൽ ഒരു ഫോറും മൂന്ന് സിക്സുമടക്കം 31 റൺസെടുത്ത ക്യാപ്റ്റൻ സിജോമോൻ ജോസഫ്, 26 റൺസെടുത്ത അക്ഷയ് മനോഹർ തുടങ്ങിയവരും ഈഗിൾസ് നിരയിൽ തിളങ്ങി. റോയൽസിന് വേണ്ടി ഫാസിൽ ഫാനൂസും ജെറിൻ പി എസും രണ്ട് വിക്കറ്റുകൾ വീതം വീഴ്ത്തി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ റോയൽസ് 11 പന്തുകൾ ബാക്കി നില്ക്കെ ലക്ഷ്യത്തിലെത്തി. രണ്ടാം പന്തിൽ തന്നെ ജോബിൻ ജോബി മടങ്ങിയെങ്കിലും റിയ ബഷീറും ഷോൺ റോജറും ചേർന്ന് റോയൽസിന് തകർപ്പൻ തുടക്കം നല്കി. റിയ ബഷീർ 22 പന്തുകളിൽ 44ഉം ഷോൺ റോജർ 28 പന്തുകളിൽ 38 റൺസും നേടി. തുടർന്നെത്തി കാമിൽ അബൂബക്കർ 33ഉം ക്യാപ്റ്റൻ അഖിൽ സ്കറിയ 32ഉം റൺസെടുത്തു. അവസാന ഓവറുകളിൽ തകർത്തടിച്ച നിഖിൽ തോട്ടത്തിൻ്റെയും ജെറിൻ പി എസിൻ്റെയും പ്രകടനമാണ് റോയൽസിന് ഉജ്ജ്വല വിജയം സമ്മാനിച്ചത്. നിഖിൽ ഒൻപത് പന്തുകളിൽ നിന്ന് 20ഉം ജെറിൻ പത്ത് പന്തുകളിൽ നിന്ന് 22ഉം റൺസ് നേടി പുറത്താകാതെ നിന്നു. ഈഗിൾസിന് വേണ്ടി ജോസ് പെരയിൽ രണ്ട് വിക്കറ്റുകൾ വീഴ്ത്തി.

രണ്ടാം മല്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ലയൺസ് 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 150 റൺസെടുത്തു. 49 റൺസെടുത്ത ഗോവിന്ദ് പൈയും 32 റൺസെടുത്ത അശ്വിൻ ആനന്ദും 33 റൺസെടുത്ത ഷറഫുദ്ദീനുമാണ് ലയൺസ് ബാറ്റിങ് നിരയിൽ തിളങ്ങിയത്. പാന്തേഴ്സിന് വേണ്ടി അഖിൻ സത്താറും ഗോകുൽ ഗോപിനാഥും രണ്ട് വിക്കറ്റുകൾ വീതം വീഴ്ത്തി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ പാന്തേഴ്സിന് ഓപ്പണർമാരായ വത്സൽ ഗോവിന്ദിൻ്റെയും എസ് സുബിൻ്റെയും ഉജ്ജ്വല ബാറ്റിങ്ങാണ് അനായാസ വിജയം നല്കിയത്. വത്സൽ 53 റൺസുമായി പുറത്താകാതെ നിന്നു. സുബിൻ 33 പന്തുകളിൽ 45 റൺസ് നേടി. 37 റൺസെടുത്ത അഹ്മദ് ഇമ്രാനും പാന്തേഴ്സ് ബാറ്റിങ് നിരയിൽ തിളങ്ങി. ലയൺസിന് വേണ്ടി ഷറഫുദ്ദീൻ, വിനയ് വർഗീസ്, ഹരികൃഷ്ണൻ, അമൽ രമേഷ് എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.