സെലെസ്റ്റിയൽ ട്രോഫിയിൽ വിജയം കുറിച്ച് ചേസേഴ്സ് സിസി. ഇന്ന് സീറോസ് സിസി ആലപ്പുഴയ്ക്കെതിരെ ചേസേഴ്സ് 1 വിക്കറ്റ് വിജയം ആണ് നേടിയത്. ആദ്യം ബാറ്റ് ചെയ്ത സീറോസ് 29 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 186 റൺസ് നേടിയപ്പോള്‍ 29 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തില്‍ ആണ് ചേസേഴ്സ് 189 റൺസ് നേടി വിജയം കുറിച്ചത്.
സീറോസിന് വേണ്ടി പത്താം വിക്കറ്റിൽ 64 റൺസ് നേടിയ പ്രവീൺ – ദേവനാരായൺ കൂട്ടുകെട്ടാണ് ടീമിനെ 186 റൺസിലേക്ക് എത്തുവാന്‍ സഹായിച്ചത്. പ്രവീൺ പുറത്താകാതെ 26 പന്തിൽ നിന്ന് 48 റൺസ് നേടിയപ്പോള്‍ ദേവനാരായൺ 15 റൺസ് നേടി. വൺ ഡൗൺ ആയി ഇറങ്ങിയ ശ്യാം കുമാര്‍ ആണ് ടീമിന്റെ രണ്ടാമത്തെ ടോപ് സ്കോറര്‍. താരം 46 റൺസാണ് നേടിയത്. ചേസേഴ്സിന് വേണ്ടി അഖിൽ മൂന്നും അജിന്‍ ദാസ്, ശങ്കര്‍ ലാല്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി.
മറുപടി ബാറ്റിംഗിനിറങ്ങിയ ചേസേഴ്സിനായി 64 റൺസുമായി അഖിൽ ടോപ് സ്കോറര്‍ ആയി. എന്നാൽ താരം വിജയത്തിന് തൊട്ടരികെ എത്തി റണ്ണൗട്ട് രൂപത്തിൽ പുറത്താകുകയായിരുന്നു. 48 റൺസ് നേടിയ വിഷ്ണു വി നായര്‍ ആണ് മറ്റൊരു പ്രധാന സ്കോറര്‍.
66/7 എന്ന സ്കോറിൽ നിന്ന് വിഷ്ണുവും അഖിലും ടീമിനെ 107 റൺസ് കൂട്ടുകെട്ടുമായി തിരികെ മത്സരത്തിലേക്ക് എത്തിച്ചുവെങ്കിലും വിഷ്ണു പുറത്തായത് ടീമിന് തിരിച്ചടിയായി. അഖിൽ ടീമിനെ വിജയത്തിന് രണ്ടകലെ എത്തിച്ചുവെങ്കിലും താരം റണ്ണൗട്ടായി. അടുത്ത പന്തിൽ ബൈ ഫോര്‍ ലഭിച്ചതോടെ ചേസേഴ്സിന് വിജയം കൈക്കലാക്കാനായി.
സീറോസ് ബൗളിംഗിൽ റിയാദ് ഷാ 4 വിക്കറ്റുമായി തിളങ്ങി. ചേസേഴ്സിന്റെ അഖിൽ എഎസ് ആണ് കളിയിലെ താരം.