ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ ഇന്ത്യയും ന്യൂസിലാണ്ടും ഏറ്റുമുട്ടും. ഇന്ന് ദക്ഷിണാഫ്രിക്കയ്ക്കെതിരെ 50 റൺസിന്റെ വിജയം നേടിയാണ് ന്യൂസിലാണ്ട് ഫൈനൽ പോരാട്ടത്തിനുള്ള അവസരം നേടിയിരിക്കുന്നത്. നേരത്തെ ഗ്രൂപ്പ് എയിൽ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോള്‍ ഇന്ത്യയ്ക്കായിരുന്നു വിജയം.
ഇന്ന് ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാണ്ട് 362/6 എന്ന പടുകൂറ്റന്‍ സ്കോര്‍ നേടിയപ്പോള്‍ ദക്ഷിണാഫ്രിക്കയ്ക്ക് 50 ഓവറിൽ 312 റൺസ് മാത്രമേ നേടാനായുള്ളു. മത്സരം ഏറെക്കുറെ കൈവിട്ട ശേഷം ഡേവിഡ് മില്ലറുടെ അതിവേഗ ശതകം ആണ് ടീമിനെ 300 കടക്കുവാന്‍ സഹായിച്ചത്.
മിച്ചൽ സാന്റനര്‍ മൂന്ന് വിക്കറ്റുമായി ദക്ഷിണാഫ്രിക്കന്‍ ബാറ്റിംഗിന് തലവേദന സൃഷ്ടിച്ചപ്പോള്‍ 69 റൺസ് നേടിയ റാസ്സി വാന്‍ ഡെര്‍ ഡൂസ്സനും 56 റൺസ് നേടിയ ടെംബ ബാവുമയും മാത്രമാണ് ദക്ഷിണാഫ്രിക്കന്‍ നിരയിൽ പ്രതിരോധം സൃഷ്ടിച്ചത്.
മത്സരത്തിൽ ദക്ഷിണാഫ്രിക്കന്‍ സാധ്യത അവസാനിച്ച ശേഷം ശതകവുമായി ഡേവിഡ് മില്ലര്‍ ടീമിന്റെ തോൽവി ഭാരം കുറച്ചു. തന്റെ അര്‍ദ്ധ ശതകത്തിന് ശേഷം അതിവേഗ സ്കോറിംഗ് മില്ലര്‍ നടത്തിയപ്പോള്‍ താരം 67 പന്തിൽ നിന്ന് 100 റൺസ് നേടി പുറത്താകാതെ നിന്ന് ദക്ഷിണാഫ്രിക്കയെ 312/9 എന്ന സ്കോറിലെത്തിക്കുകയായിരുന്നു.
ന്യൂസിലാണ്ടിന് വേണ്ടി മിച്ചൽ സാന്റനര്‍ മൂന്ന് വിക്കറ്റും മാറ്റ് ഹെന്‍റി, ഗ്ലെന്‍ ഫിലിപ്പ്സ് എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി.