പുതുച്ചേരി : വനിതാ അണ്ടർ 23 ഏകദിന ടൂർണ്ണമെൻ്റിൽ കേരളത്തിന് പഞ്ചാബിനോട് തോൽവി. ആറ് വിക്കറ്റിനായിരുന്നു പഞ്ചാബിൻ്റെ വിജയം. ആദ്യം ബാറ്റ് ചെയ്ത കേരളം 50 ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 222 റൺസെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ പഞ്ചാബ് 19 പന്തുകൾ ബാക്കി നില്ക്കെ ലക്ഷ്യത്തിലെത്തി.
ടോസ് നേടി ആദ്യം ബാറ്റിങ് തെരഞ്ഞെടുത്ത കേരളത്തിൻ്റേത് ഭേദപ്പെട്ട തുടക്കമായിരുന്നു. 14 റൺസെടുത്ത ദിയ ഗിരീഷ് തുടക്കത്തിൽ തന്നെ മടങ്ങിയെങ്കിലും മാളവിക സാബുവും വൈഷ്ണ എംപിയും ചേർന്ന് മികച്ച രീതിയിൽ ഇന്നിങ്സ് മുന്നോട്ട് നീക്കി. ഇരുവരും ചേർന്ന രണ്ടാം വിക്കറ്റിൽ 76 റൺസ് പിറന്നു. 52 പന്തുകളിൽ 43 റൺസ് നേടി മാളവിക മടങ്ങിയെങ്കിലും തുടർന്നെത്തിയ അനന്യ കെ പ്രദീപും മികച്ച രീതിയിൽ ബാറ്റ് വീശി. എന്നാൽ 57 റൺസെടുത്ത വൈഷ്ണ മടങ്ങിയതോടെ തുടർന്നെത്തിയവർക്ക് മികച്ച പ്രകടനം കാഴ്ച വയ്ക്കാനാകാതെ പോയത് കേരളത്തിന് തിരിച്ചടിയായി. 36 റൺസെടുത്ത അനന്യ കൂടി മടങ്ങിയതോടെ വേഗം കുറഞ്ഞ കേരള ഇന്നിങ്സ് 222ൽ അവസാനിച്ചു.പഞ്ചാബിന് വേണ്ടി സുർഭി മൂന്നും മമ്ത റാണി രണ്ടും വിക്കറ്റുകൾ വീഴ്ത്തി.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ പഞ്ചാബിന് തുടക്കത്തിൽ തന്നെ രണ്ട് വിക്കറ്റുകൾ നഷ്ടമായത് കേരളത്തിന് പ്രതീക്ഷ നല്കി. അവനീത് കൌറിനെയും ശ്രുതി യാദവിനെയും പുറത്താക്കി ഇസബെൽ ആണ് കേരളത്തിന് മികച്ച തുടക്കം നല്കിയത്. എന്നാൽ മൂന്നാം വിക്കറ്റിൽ ഉറച്ച് നിന്ന ഹർസിമ്രൻജിത്തും വൻഷിക മഹാജനും ചേർന്ന് മല്സരം പഞ്ചാബിൻ്റെ വരുതിയിലാക്കി. ഹർസിമ്രൻജിത് 82ഉം വൻഷിക മഹാജൻ 72ഉം റൺസെടുത്തു. ക്യാപ്റ്റൻ പ്രഗതി സിങ് 42 റൺസുമായി പുറത്താകാതെ നിന്നു.