യുഫേഫ ചാമ്പ്യൻസ് ലീഗ് പ്രീ ക്വാർട്ടർ ആദ്യ പാദത്തിൽ മികച്ച ജയം കുറിച്ചു ആസ്റ്റൺ വില്ല. ഗ്രൂപ്പ് ഘട്ടത്തിൽ തങ്ങളെ തോൽപ്പിച്ച ക്ലബ് ബ്രൂഷിനെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് ആണ് വില്ല അവരുടെ മൈതാനത്ത് തോൽപ്പിച്ചത്. വില്ല ആധിപത്യം കണ്ട മത്സരത്തിൽ മൂന്നാം മിനിറ്റിൽ ലിയോൺ ബെയ്ലിയിലൂടെ ഇംഗ്ലീഷ് ടീം മുന്നിൽ എത്തി. എന്നാൽ 12 മത്തെ മിനിറ്റിൽ ഗോൾ നേടിയ മാക്സിം ഡി കുപ്പർ ആതിഥേയരയെ മത്സരത്തിൽ തിരിച്ചു എത്തിച്ചു.

സമനിലയിലേക്ക് പോകും എന്ന് കരുതിയ മത്സരത്തിൽ 82 മത്തെ മിനിറ്റിൽ ബ്രാൻഡൻ മെഹേലയുടെ സെൽഫ് ഗോൾ വില്ലക്ക് ഭാഗ്യമായി. തുടർന്ന് മാറ്റി ക്യാഷിനെ വീഴ്ത്തിയതിന് ലഭിച്ച പെനാൽട്ടി 88 മത്തെ മിനിറ്റിൽ ലക്ഷ്യം കണ്ട മാർകോ അസൻസിയോ വില്ലയുടെ മികച്ച ജയം ഉറപ്പിക്കുക ആയിരുന്നു. പാരീസിൽ നിന്നു ലോണിൽ എത്തിയ താരത്തിന്റെ ക്ലബിന് ആയുള്ള അഞ്ചാം ഗോൾ ആയിരുന്നു ഇത്. രണ്ടാം പാദത്തിൽ ഈ മുൻതൂക്കം നിലനിർത്തി അവസാന എട്ടിൽ സ്ഥാനം പിടിക്കാൻ ആവും വില്ല ഇറങ്ങുക.