അഫ്ഗാൻ താരങ്ങൾ ക്ഷമയോടെ കളിച്ചാൽ അടുത്ത ദശാബ്ദത്തിനുള്ളിൽ ഐസിസിയുടെ ഒരു പരിമിത ഓവർ ടൂർണമെൻ്റ് വിജയിക്കാൻ അഫ്ഗാനിസ്ഥാന് കഴിയുമെന്ന് ദക്ഷിണാഫ്രിക്കൻ ഫാസ്റ്റ് ബൗളിംഗ് ഇതിഹാസം ഡെയ്ൽ സ്റ്റെയ്ൻ. 2023 ലെ ഏകദിന ലോകകപ്പിൽ ഇംഗ്ലണ്ട്, ശ്രീലങ്ക, പാകിസ്ഥാൻ എന്നിവയ്‌ക്കെതിരായ അവരുടെ വിജയങ്ങളും, 2024 ലെ ടി20 ലോകകപ്പിലെ സെമിഫൈനൽ റണ്ണും എടുത്തുകാണിച്ചുകൊണ്ട് സംസാരിക്കുക ആയിരുന്നു സ്റ്റെയിൻ.

ഒരു അഫിലിയേറ്റ് അംഗത്തിൽ നിന്ന് ശക്തമായ വൈറ്റ്-ബോൾ ടീമിലേക്കുള്ള അവരുടെ ശ്രദ്ധേയമായ പുരോഗതിയെ അദ്ദേഹം പ്രശംസിച്ചു. എന്നിരുന്നാലും, അഫ്ഗാനിസ്ഥാൻ്റെ ആക്രമണ ശൈലിക ചിലപ്പോൾ ഇന്നിംഗ്സ് കെട്ടിപ്പടുക്കുന്നതിന് തടസ്സമാകുന്നുണ്ട് എന്ന് അദ്ദേഹം പറഞ്ഞു.
നാല് ദിവസം നീളമുള്ള ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് കളിക്കുന്നത് അഫ്ഗാൻ കളിക്കാരിൽ മികച്ച ഗെയിം അവബോധം വളർത്തിയെടുക്കാനും 50 ഓവർ ഫോർമാറ്റിലേക്കുള്ള സമീപനം മെച്ചപ്പെടുത്താനും സഹായിക്കുമെന്ന് സ്റ്റെയ്ൻ അഭിപ്രായപ്പെട്ടു. അവർ തങ്ങളുടെ കളി പരിഷ്കരിക്കുകയാണെങ്കിൽ, ഒരു ഐസിസി കിരീടം കൈയെത്തും ദൂരത്ത് ഉണ്ടെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.