വനിത പ്രീമിയര്‍ ലീഗിൽ ആര്‍സിബിയ്ക്കെതിരെ 6 വിക്കറ്റ് വിജയവുമായി ഗുജറാത്ത് ജയന്റ്സ്. ഇന്ന് ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത ഗുജറാത്ത് ആര്‍സിബിയെ 125/7 എന്ന സ്കോറിലൊതുക്കുകയായിരുന്നു. തുടര്‍ന്ന് 4 വിക്കറ്റ് നഷ്ടത്തിൽ 16.3 ഓവറിൽ ടീം വിജയം നേടി.
രേണുക സിംഗിന്റെ ഇരട്ട പ്രഹരം ദയലന്‍ ഹേമലതയെയും(11) ബെത്ത് മൂണിയെയും (17) മടക്കിയയച്ചപ്പോള്‍ ആഷ്‍ലൈഗ് ഗാര്‍ഡ്നര്‍ ഹര്‍ലീന്‍ ഡിയോളുമായി ചേര്‍ന്ന് മൂന്നാം വിക്കറ്റിൽ 34 റൺസ് കൂട്ടിചേര്‍ത്തു. ഇതിൽ 5 റൺസ് മാത്രമായിരുന്നു ഹര്‍ലീന്റെ സംഭാവന.
31 പന്തിൽ 58 റൺസുമായി ആഷ്‍ലൈഗ് ഗാര്‍ഡ്നര്‍ ആണ് ഗുജറാത്തിന്റെ വിജയ ശില്പി. താരം പുറത്താകുമ്പോള്‍ വിജയത്തിന് 9 റൺസ് അകലെയായിരുന്നു ഗുജറാത്ത്. നാലാം വിക്കറ്റിൽ ഗാര്‍ഡ്നര്‍ – ഫോബേ ലിച്ച്ഫീൽഡ് കൂട്ടുകെട്ട് 36 പന്തിൽ 51 റൺസാണ് നേടിയത്.
ഫോബേ 30 റൺസുമായി പുറത്താകാതെ നിന്നു.