ഗോകുലം കേരള 2- ഐസ്വാൾ എഫ്.സി 1
ഐ ലീഗിൽ തുടർ ജയവുമായി ഗോകുലം കേരള. ഇന്ന് നടന്ന മത്സരത്തിൽ 2-1 എന്ന സ്കോറിന് ഐസ്വാൾ എഫ്.സിയെയാണ് ഗോകുലം തോൽപ്പിച്ചത്. അവസാന മത്സരത്തിലെ ജയത്തിന്റെ ആത്മവിശ്വാസത്തിലായിരുന്നു ഗോകുലം കേരള കളത്തിലിറങ്ങിയത്. തുടക്കത്തിൽ ഗോകുലം മികച്ച നീക്കങ്ങളുമായി കളിച്ചെങ്കിലും അപ്രതീക്ഷിതമായിട്ടിയാരുന്നു ആദ്യ ഗോൾ വഴങ്ങിയത്. 17ാം മിനുട്ടിൽ സാമുവൽ ലാൽമുവാൻ പുനിയയായിരുന്നു ഗോൾ നേടിയത്.

ഒരു ഗോൾ വഴങ്ങിയതോടെ ഗോകുലം അക്രമിച്ച് കളിച്ച് ഗോൾ മടക്കാൻ പരമാവധി ശ്രമിച്ചെങ്കിലും നീക്കങ്ങളൊന്നും ഫലം കണ്ടില്ല. ഇതോടെ ആദ്യ പകുതി ഗോൾ രഹിതമായി അവ സാനിച്ചു. രണ്ടാം പകുതിയിൽ പുതിയ ഊർജവുമായി തിരിച്ചെത്തിയ ഗോകുലം ഉടൻ തന്നെ ഗോൾ മടക്കി മത്സരത്തിലേക്ക് തിരിച്ചുവന്നു. 49ാം മിനുട്ടിൽ സിനിസ സ്റ്റാനിസാവിച്ചായിരുന്നു സമനില ഗോൾ നേടിയത്. സമനില ഗോൾ നേടിയതോടെ ആത്മവിശ്വാസം വർധിച്ച ഗോകുലം നിരന്തരം ഐസ്വാളിന്റെ ഗോൾ മുഖത്തേക്ക് ഇരച്ചു കയറിക്കൊണ്ടിരുന്നു. എന്നാൽ വീണു കിട്ടിയ അവസരത്തിൽ എതിരാളികൾ മലബാറിയൻസിന്റെ ഗോൾമുഖത്ത് ഭീതി സൃഷ്ടിച്ചു.
രണ്ടാം പകുതിക്ക് ശേഷം രണ്ട് തവണയായിരുന്നു ഉറപ്പായ ഗോളിൽനിന്ന് ഗോകുലം ലക്ഷപ്പെട്ടത്. 88ാം മിനുട്ടിൽ ലീഡ് നേടാൻ സിനിസക്ക് വീണ്ടും അവസരം ലഭിച്ചെങ്കിലും ഭാഗ്യം തുണച്ചില്ല. അഞ്ചു മിനുട്ടായിരുന്നു അധിക സമയമായി നൽകിയത്. ഈ സമയത്ത് വിജയ ഗോളിനായി പൊരുതിയ മലബാറിയൻസ് ഒടുവിൽ ലക്ഷ്യം കാണുകയും ചെയ്തു.
ഗ്രൗണ്ടിന്റെ മധ്യഭാഗത്ത് നിന്ന് ലഭിച്ച പന്തുമായി മുന്നേറിയ നാച്ചോ അബലെഡെ പന്ത് കൃത്യമായി ഐസ്വാളിന്റെ ബോക്സിലെത്തിച്ചു. പന്തിലേക്ക് കുതിക്കുകയായിരുന്നു താബിസോ ബ്രോണിന് ഒരു ഷോട്ടിന്റെ മാത്രം ജോലിയെ ഉണ്ടായിരുന്നുള്ളു. സ്കോർ 2-1. പിന്നീട് മത്സരം അധികം തുടർന്നില്ല.
ജയിച്ചതോടെ 16 മത്സരത്തിൽനിന്ന് 25 പോയിന്റുള്ള ഗോകുലം പട്ടികയിൽ നാലാം സ്ഥാനത്തെത്തി. മാർച്ച് മൂന്നിന് കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയത്തിൽ ഷില്ലോങ് ലജോങ്ങിനെതിരേയാണ് ഗോകുലത്തിന്റെ അടുത്ത മത്സരം.