കേരള ക്രിക്കറ്റിന്റെ പുതുയുഗപ്പിറവി!!

Newsroom

Picsart 25 02 21 19 06 09 702
Download the Fanport app now!
Appstore Badge
Google Play Badge 1
പ്രസ് റിലീസ്

അഹമ്മദാബാദ് : രഞ്ജിയിൽ പുതു ചരിത്രമെഴുതി സച്ചിനും സംഘവും. കരുത്തരെ ഞെട്ടിച്ചുള്ള കേരളത്തിൻ്റെ മുന്നേറ്റം രഞ്ജി ട്രോഫിയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ അത്ഭുതക്കുതിപ്പുകളിൽ ഒന്നാവുകയാണ്. സഞ്ജുവിനപ്പുറം കേരളത്തിൻ്റെ പേര് വീണ്ടും ഉയർന്ന് കേൾക്കുകയാണ് ദേശീയ ക്രിക്കറ്റിൽ. സീസൻ്റെ തുടക്കം മുതൽ ആത്മവിശ്വാസത്തോടെ കളിച്ചു മുന്നേറിയ ടീമായിരുന്നു ഇത്തവണത്തേത്. നിർണ്ണായക ഘട്ടങ്ങളിൽ അർഹിച്ച ഭാഗ്യവും അവർക്കൊപ്പം നിന്നപ്പോൾ രഞ്ജിയുടെ ചരിത്രത്തിൽ കേരളം ആദ്യമായി ഫൈനലിലേക്ക്.

Picsart 25 02 21 10 07 00 348

ക്വാർട്ടറിൽ നിർണ്ണായകമായത് ഒരു റണ്ണിൻ്റെ ലീഡെങ്കിൽ സെമിയിൽ അത് രണ്ടായിരുന്നു. രണ്ട് കളികളിലും സമ്മർദ്ദങ്ങളിൽ നിന്ന് പൊരുതിക്കയറിയാണ് കേരളം അടുത്ത റൌണ്ട് ഉറപ്പിച്ചത്. സീസണിലുടനീളം ബാറ്റിങ് നിരയുടെ കരുത്തായ സൽമാൻ നിസാറും മൊഹമ്മദ് അസറുദ്ദീനും, ബൌളിങ് നിരയിൽ നിധീഷും ഓൾ റൌണ്ട് സാന്നിധ്യങ്ങളായ ജലജ് സക്സേനയും ആദിത്യ സർവാടെയുമെല്ലാം ഈ നേട്ടത്തിൽ മുഖ്യ പങ്കു വഹിച്ചവരാണ്. ഇവർക്കൊപ്പം എടുത്ത് പറയേണ്ട മറ്റൊരു പേര് ടീമിനെ പോസിറ്റീവ് ഗെയിമിൻ്റെ വഴിയിലൂടെ നയിച്ച കോച്ച് അമയ് ഖുറേസിയയുടേതാണ്. ഖുറേസിയ ടീമിലുണ്ടാക്കിയ ഗുണപരമായ മാറ്റങ്ങളെക്കുറിച്ച് അഭിമുഖങ്ങളിൽ സൽമാനും അസറുദ്ദീനും എല്ലാം പ്രത്യേകം പരാമർശിച്ചിരുന്നു.

94-95ലായിരുന്നു കേരളം ആദ്യമായി നോക്കൌട്ടിലേക്ക് മുന്നേറുന്നത്. കെ എൻ അനന്തപത്മനാഭൻ്റെ നേതൃത്വത്തിലുള്ള ടീം കരുത്തരായ തമിഴ്നാടിനെ വരെ തോല്പിച്ചായിരുന്നു നോക്കൌട്ടിലെത്തിയത്. എന്നാൽ പ്രീ ക്വാർട്ടറിൽ ഉത്തർപ്രദേശിനോട് ലീഡ് വഴങ്ങി ടൂർണ്ണമെൻ്റിൽ നിന്ന് പുറത്തായി. തുടർന്ന് കേരളം ക്വാർട്ടർ കളിക്കുന്നത് 2017-18ൽ വിർഭയോടാണ്. അന്ന് ക്വാർട്ടറിൽ പുറത്തായെങ്കിലും അടുത്ത വർഷം ഗുജറാത്തിനെ തോല്പിച്ച് സെമി വരെ മുന്നേറി. പക്ഷെ വിദർഭയോട് ഇന്നിങ്സ് തോൽവി വഴങ്ങി പുറത്തേക്ക്. തുടർന്ന് നീണ്ട അഞ്ച് വർഷങ്ങൾക്ക് ശേഷമാണ് കേരളം ഇത്തവണ നോക്കൌട്ട് കളിച്ചത്. മുൻ ടീമുകളെ അപേക്ഷിച്ച് കുറേക്കൂടി സന്തുലിതമാണ് ഇത്തവണത്തെ ടീം. കരുത്തുറ്റ മധ്യനിരയും ആഴത്തിലുള്ള ബാറ്റിങ്ങും ജലജ് സക്സേനയും ആദിത്യ സർവാടെയും അടങ്ങുന്ന മറുനാടൻ താരങ്ങളുടെ പരിചയ സമ്പത്തുമെല്ലാമാണ് ഇത്തവണത്തെ ടീമിൻ്റെ മികവ്. അത് കൊണ്ട് തന്നെ സമ്മർദ്ദങ്ങളെ മറികടന്ന് അവസരത്തിനൊത്ത് ഉയരാനായാൽ ഫൈനലിൽ വിദർഭയ്ക്കെതിരെയും കേരളത്തിന് പ്രതീക്ഷകളുണ്ട്.