തകർപ്പൻ ജയത്തോടെ ഗോകുലം കേരള

Newsroom

Picsart 25 02 17 22 44 14 703
Download the Fanport app now!
Appstore Badge
Google Play Badge 1

കോഴിക്കോട്: ഐ ലീഗിൽ വിജയ വഴിയിൽ തിരിച്ചെത്തി ഗോകുലം കേരള എഫ് സി . ഇന്നലെ സ്വന്തം തട്ടകമായ കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 6-3 എന്ന സ്‌കോറിനായിരുന്നു ഡൽഹി എഫ്.സിക്കെതിരേ ഗോകുലത്തിന്റെ ജയം. മത്സരത്തിന്റെ മൂന്നാം മിനുട്ടിൽ തന്നെ ഗോകുലം ഗോൾ വഴങ്ങിയെങ്കിലും ശക്തമായി തിരിച്ചുവന്ന് ജയം പിടിച്ചെടുക്കുകയായിരുന്നു. ഗയറിയായിരുന്നു ഡൽഹിക്കായി ആദ്യ ഗോൾ നേടിയത്. എന്നാൽ അധികം വൈകാതെ ഗോൾ മടക്കി മത്സരത്തിലേക്ക് തിരിച്ച് വന്ന് ഗോകുലം ആത്മവിശ്വാസം തിരിച്ചുപിടിച്ചു.

1000832687

13-ാം മിനുട്ടിൽ മൈക്കൽ മാർട്ടിൻ ഷാവസായിരുന്നു ഗോകുലത്തിനായി സമനില ഗോൾ കണ്ടെത്തിയത്. സമനില നേടിയതോടെ ആത്മവിശ്വാസം നേടിയതോടെ ഗോകുലം അക്രമണം ശക്തമാക്കി. 21ാം മിനുട്ടിൽ അദമ നിയാനെയുടെ ഗോളിൽ ഗോകുലം മുന്നിലെത്തി. ആദ്യ പകുതിയിൽ 2-1 എന്ന സ്‌കോറിനായിരുന്നു മത്സരം അവസാനിച്ചത്. ബാക്കി ഗോളുകളെല്ലാം രണ്ടാം പകുതിക്ക് ശേഷമായിരുന്നു പിറന്നത്. മത്സരം പുരോഗമിക്കവെ 54ം മിനുട്ടിൽ അദമ രണ്ടാം ഗോളും നേടി ലീഡ് വർധിപ്പിച്ചു. അധികം വൈകാതെ നാലാം ഗോളും ഗോകുലം ഡൽഹിയുടെ വലയിലെത്തിച്ചതോടെ മത്സരത്തിന്റൈ നിയന്ത്രണം ഏറ്റെടുത്തു.

57ാം മിനുട്ടിൽ നാച്ചോ അബെലഡോയായിരുന്നു ഗോകുലത്തിനായി നാലാം ഗോൾ നേടിയത്. എന്നാൽ 64ാം മിനുട്ടിൽ ഹൃദയ ജയിൻ നേടിയ ഗോളിൽ ഡൽഹി സ്‌കോർ 2-4 എന്നാക്കി. എന്നാൽ തോൽക്കാൻ മനസില്ലാത്ത ഗോകുലം ഡൽഹിയുടെ ഗോൾമുഖം അക്രമിച്ച് കൊണ്ടിരുന്നു. 75ാം മുനുട്ടിൽ അബലഡോയുടെ രണ്ടാം ഗോളും ഗോകുലത്തിന്റെ അഞ്ചാം ഗോളും പിറന്നു. 81ാം മിനുട്ടിൽ ഡൽഹിക്കായി സാമിർ ബിനോങ് ഗോൾ നേടിയെങ്കിലും ഗോകുലത്തിനെ തോൽപ്പിക്കാൻ കഴിഞ്ഞില്ല. 99ാം മിനുട്ടിൽ രൺജീത്ത് പാന്ദ്രെയുടെ ഗോൾകൂടി പിറന്നതോടെ ഗോകുലം ഗോൾ പട്ടിക പൂർത്തിയാക്കി സ്‌കോർ ബോർഡ് 6-3 എന്നാക്കി മാറ്റി.

15 മത്സരത്തിൽ 22 പോയിന്റ് നേടിയ ഗോകുലം പട്ടികയിൽ ആറാം സ്ഥാനത്തെത്തി. ഡൽഹി പട്ടികയിൽ അവസാന സ്ഥാനത്ത് തുടരുന്നു. 25ന് എവേ മത്സരത്തിൽ ഗോകുലം ഐസ്വാൾ എഫ്.സിയെ നേരിടും.