ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ലിവർപൂൾ ഒന്നാം സ്ഥാനത്തെ 7 പോയിന്റ് ലീഡ് പുനസ്ഥാപിച്ചു. ഇന്ന് ആൻഫീൽഡിൽ വോൾവ്സിൽ നിന്ന് ശക്തമായ പോരാട്ടം നേരിട്ടു എങ്കിലും 2-1ന്റെ വിജയം ഉറപ്പിക്കാൻ ലിവർപൂളിനായി. ഈ വിജയത്തോടെ ലിവർപൂൾ 25 മത്സരങ്ങളിൽ നിന്ന് 60 പോയിന്റിൽ എത്തി.

ഇന്ന് ആദ്യ പകുതിയിൽ ലിവർപൂൾ 2 ഗോളുകൾ നേടി കൃത്യമായ ആധിപത്യം പുലർത്തി. 15ആം മിനുറ്റിൽ ലൂയിസ് ഡയസിലൂടെ ആയിരുന്നു ആദ്യ ഗോൾ. സലാ നൽകിയ പാസ് ഒരു ഡിഫ്ലക്ഷനിലൂടെ ഡിയസിൽ എത്തി. ഡിയസിന്റെ ദേഹത്ത് തട്ടി പന്ത് നേരെ വലയിൽ എത്തി.
37ആം മിനുറ്റിൽ ഡിയസ് നേടിയ പെനാൽറ്റി ലക്ഷ്യത്തിൽ എത്തിച്ച് സലാ ലിവർപൂളിന്റെ ലീഡ് ഇരട്ടിയാക്കി. സലായുടെ ഈ സീസണിലെ 28ആം ഗോളായിരുന്നു ഇത്.
രണ്ടാം പകുതിയിൽ 67ആം മിനുറ്റിൽ മാത്യസ് കുഞ്ഞ്യയുടെ ഗോൾ വോൾവ്സിന് പ്രതീക്ഷകൾ നൽകി. അവർ സമനില ഗോളിനായി ആഞ്ഞു ശ്രമിച്ചു എങ്കിലും രണ്ടാം ഗോൾ വന്നില്ല.