അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയം ‘എ’ ഗ്രൗണ്ടിൽ വെച്ച് ആകും രഞ്ജി ട്രോഫി സെമിഫൈനലിൽ കേരളം ഗുജറാത്തിനെ നേരിടുക എന്ന് തീരുമാനമായി. ഫെബ്രുവരി 17ന് സെമി പോരാട്ടം ആരംഭിക്കും. ഗുജറാത്ത് കൂടുതൽ പോയിന്റ് നേടിയത് കൊണ്ടാണ് അവരുടെ ഹോമിൽ വെച്ച് മത്സരം നടക്കുന്നത്. 2018-19 സീസണിന് ശേഷം ഇതാദ്യമായാണ് കേരളം ടൂർണമെന്റിന്റെ സെമിഫൈനലിൽ എത്തുന്നത്.
![Picsart 25 02 12 16 30 28 199](https://fanport.in/wp-content/uploads/2025/02/Picsart_25-02-12_16-30-28-199-1024x676.jpg)
ഗുജറാത്ത് ക്രിക്കറ്റ് ടീമിന്റെയും ഗുജറാത്ത് വനിതാ ടീമിന്റെയും ഐപിഎൽ ഫ്രാഞ്ചൈസി ഗുജറാത്ത് ടൈറ്റൻസിന്റെയും ഹോം ഗ്രൗണ്ടാണ് നരേന്ദ്ര മോദി സ്റ്റേഡിയം. ഐപിഎൽ തയ്യാറെടുപ്പുകൾ കാരണം നിലവിൽ ലഭ്യമല്ലാത്ത പ്രധാന സ്റ്റേഡിയത്തിന് പുറമേ, കിഴക്കൻ ഭാഗത്ത് സ്റ്റേഡിയം ‘എ’, സ്റ്റേഡിയം ‘ബി’ എന്നീ രണ്ട് അധിക ഗ്രൗണ്ടുകൾ കൂടിയുണ്ട്. രഞ്ജി ട്രോഫി ഉൾപ്പെടെയുള്ള ആഭ്യന്തര മത്സരങ്ങൾ പതിവായി നടക്കുന്ന സ്റ്റേഡിയം ‘എ’യിലാണ് സെമി ഫൈനൽ നടക്കുക.
ക്വാർട്ടർ ഫൈനലിൽ ജമ്മുവിന് എതിരെ ആദ്യ ഇന്നിംഗ്സിൽ ഒരു റണ്ണിന്റെ നാടകീയമായ ലീഡോടെയാണ് കേരളം അവസാന നാലിൽ സ്ഥാനം ഉറപ്പിച്ചത്.