എഫ് എ കപ്പിൽ ഇഞ്ച്വറി ടൈം ഗോളിൽ വിജയിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ്. ലെസ്റ്റർ സിറ്റിക്ക് എതിരെ തുടക്കത്തിൽ ഒരു ഗോളിന് പിറകിൽ പോയ മാഞ്ചസ്റ്റർ യുണൈറ്റഡ് തിരിച്ചടിച്ച് 2-1ന് വിജയിക്കുക ആയുരുന്നു. 93ആം മിനുറ്റിൽ ആയിരുന്നു വിജയ ഗോൾ വന്നത്.
![1000823256](https://fanport.in/wp-content/uploads/2025/02/1000823256-1024x683.jpg)
ഇന്ന് ഓൾഡ്ട്രാഫോർഡിൽ ആദ്യ പകുതിയിൽ മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്ന് ദയനീയമായ പ്രകടനമാണ് കാണാൻ ആയത്. ഒരു നല്ല നീക്കം പോലും യുണൈറ്റഡിന് നടത്താൻ ആയില്ല. യുണൈറ്റഡിന്റെ മോശം പാസുകൾ മുതലെടുത്ത് ലെസ്റ്റർ അവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്തു.
42ആം മിനുറ്റിൽ ബോബി ഡി കോർഡോവ റീഡിലൂടെ ലെസ്റ്റർ സിറ്റി ലീഡ് എടുത്തു. ആദ്യ പകുതി ഈ ലീഡിൽ അവസാനിപ്പിക്കാൻ ലെസ്റ്റർ സിറ്റിക്ക് ആയി. രണ്ടാം പകുതിയിൽ റൂബൻ അമോറിമിന്റെ മാറ്റങ്ങൾ മാഞ്ചസ്റ്റർ യുണൈറ്റഡിനെ സഹായിച്ചു.
68ആം മിനുട്ടിൽ വലതു വിങ്ങിലൂടെ ഗർനാചോ നടത്തിയ അറ്റാക്കിംഗ് നീക്കത്തിൽ നിന്ന് സിർക്സി ഗോൾ അടിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡിന് സമനില നൽകി. പിന്നീട് വിജയ ഗോളിനായി ആഞ്ഞു ശ്രമിച്ച മാഞ്ചസ്റ്റർ യുണൈറ്റഡ് 93ആം മിനുറ്റിൽ വിജയ ഗോൾ നേടി. ബ്രൂണോ ഫെർണാണ്ടസ് എടുത്ത ഫ്രീകിക്കിൽ നിന്ന് ഒരു ഹെഡറിലൂടെ മഗ്വയർ ആണ് വിജയ ഗോൾ നേടിയത്.