ഐ ലീഗിൽ ജയം തേടി ഗോകുലം കേരള ഇന്ന് കളത്തിലിറങ്ങുന്നു. ഉച്ചക്ക് 3.30ന് ഗോവയിലെ റയ പഞ്ചായത്ത് സ്റ്റേഡിയത്തിലാണ് ഗോകുലം ഇന്ന് മത്സരത്തിനിറങ്ങുന്നത്. അവസാന മത്സരത്തിൽ ഇന്റർ കാശിയോടേറ്റ തോൽവിയുടെ ക്ഷീണം മാറ്റാൻ ഗോകുലത്തിന് ഇന്ന് ജയിച്ചേ തീരു. ഇന്റർ കാശിക്കെതിരേ സ്വന്തം മൈതാനത്ത് 6-2ന്റെ ജയം നേടിയ ഗോകുലം എവേ മത്സരത്തിൽ 3-2 എന്ന സ്‌കോറിനായിരുന്നു പരാജയപ്പെട്ടത്.
![1000821779](https://fanport.in/wp-content/uploads/2025/02/1000821779-1024x682.jpg)
നിലവിൽ 12 മത്സരം പൂർത്തിയായപ്പോൾ ഗോകുലം കേരള പട്ടികയിൽ ആറാം സ്ഥാനത്താണുള്ളത്. അഞ്ച് മത്സരത്തിൽ ജയിച്ചപ്പോൾ നാല് എണ്ണം സമനിലയിൽ കലാശിക്കുകയം ചെയ്തു. മൂന്ന് മത്സരത്തിലായിരുന്നു ഗോകുലം തോറ്റത്. അവസാന നാലു മത്സരങ്ങളിലും മുന്നേറ്റനിരയിലും ഫൈനൽ തേഡിലും കാര്യമായ മുന്നേറ്റമുണ്ടാക്കാൻ ഗോകുലത്തിന് കഴിഞ്ഞിട്ടുണ്ട്. അതിനാൽ ഇന്നത്തെ മത്സരത്തിൽ ചർച്ചിലിനെ വീഴ്ത്താൻ കഴിയുമെന്ന പ്രതീക്ഷയിലാണ് മലബാറിയൻസ്.
അവസാന മത്സരത്തിൽ പട്ടികയിൽ അവസാന സ്ഥാനത്ത് നിൽക്കുന്ന ബംഗളൂരു എസ് സി ചർച്ചിലിനെ 1-1ന് സമനിലയിൽ തളച്ചിരുന്നു. ” നിലവിൽ ടീം മികച്ച ആത്മവിശ്വാസത്തിലാണ്. താരങ്ങളെല്ലാം ഒത്തിണക്കം കാണിക്കുന്നതിനാൽ മുന്നേറ്റവും പ്രതിരോധവും ഒരുപോലെ മികവ് കാട്ടുന്നത്. ഇന്നത്തെ മത്സരത്തിൽ ചർച്ചിലിനെ തോൽപ്പിച്ച് മൂന്ന് പോയിന്റ് നേടാൻ കഴിയുമെന്ന് തന്നെയാണ് വിശ്വാസം” പരിശീലകൻ അന്റോണിയോ റുവേഡ വ്യക്തമാക്കി.