ബയേൺ മ്യൂണിക്കിൽ നാലര വർഷത്തെ പുതിയ കരാറിൽ അൽഫോൺസോ ഡേവീസ് ഒപ്പുവച്ചു. 2030 വേനൽക്കാലം വരെ ക്ലബ്ബിൽ തുടരുന്ന കരാറാണ് ഒപ്പുവെച്ചത്. 24 കാരനായ ലെഫ്റ്റ് ബാക്കിനായി റയൽ മാഡ്രിഡും പ്രീമിയർ ലീഗ് ക്ലബ്ബുകളും രംഗത്ത് ഉണ്ടായിരുന്നു. എന്നാൽ അദ്ദേഹത്തെ നിലനിർത്താനുള്ള ബയേണിന്റെ ശ്രമങ്ങൾ അവസാനം വിജയിക്കുക ആയിരുന്നു.
2019 ജനുവരിയിൽ വാൻകൂവർ വൈറ്റ്കാപ്സിൽ നിന്ന് ബയേണിൽ ചേർന്ന ഡേവീസ് അഞ്ച് ബുണ്ടസ്ലിഗ കിരീടങ്ങൾ നേടിയിട്ടുണ്ട്. കൂടാതെ ക്ലബ്ബിന്റെ 2020 ചാമ്പ്യൻസ് ലീഗ് വിജയത്തിലും പ്രധാന പങ്കുവഹിച്ചു. ഈ സീസണിൽ, അദ്ദേഹം 25 മത്സരങ്ങളിൽ കളിച്ചിട്ടുണ്ട്. ഒരു തവണ ഗോൾ നേടുകയും മൂന്ന് തവണ അസിസ്റ്റ് ചെയ്യുകയും ചെയ്തു.