ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റിയെ തകർത്ത് ആഴ്സണൽ. ഇന്ന് എമിറേറ്റ്സ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ 5 ഗോളുകൾക്ക് ആയിരുന്നു ആഴ്സണലിന്റെ വിജയം.
ഇന്ന് മത്സരം ആരംഭിച്ച് രണ്ടാം മിനുറ്റിൽ തന്നെ ആഴ്സണൽ ലീഡ് എടുത്തു. സിറ്റി ഡിഫൻഡർ അകാഞ്ചിയുടെ ഒരു പിഴവ് മുതലെടുത്ത് ട്രൊസാർഡ് ആണ് ആഴ്സണലിന് ലീഡ് നൽകിയത്. ആദ്യ പകുതിയിൽ ഈ ലീഡ് തുടർന്നു. ഹവേർട്സിന് ഒരു ഒഴിഞ്ഞ പോസ്റ്റ് കിട്ടിയിട്ടും ഗോൾ അടിക്കാൻ ആകാത്ത ആഴ്സ്ണലിന് തിരിച്ചടിയായി.
രണ്ടാം പകുതിയിൽ 55ആം മിനുറ്റിൽ സിറ്റി സമനില കണ്ടെത്തി. സവിഞ്ഞോയുടെ ക്രോസ് ഹാളണ്ട് ഹെഡ് ചെയ്യുക ആയിരുന്നു. എന്നാൽ ഈ സമനില അധിക നേരം നീണ്ടു നിന്നില്ല. 35 സെക്കൻഡുകൾക്ക് അകം പാർട്ടിയിലൂടെ ആഴ്സണൽ ലീഡ് തിരിച്ചു പിടിച്ചു.
അത് കഴിഞ്ഞ് 62ആം മിനുറ്റിൽ ലൂയിസ് സ്കെല്ലിയിലൂടെ ലീഡ് വർധിപ്പിച്ചു. 76ആം മിനുറ്റിൽ ഹവേർട്സിന്റെ ഗോളിലൂടെ ആഴ്സ്ണൽ നാലാം ഗോളും കണ്ടെത്തി. ഇഞ്ച്വറി ടൈമിൽ എന്വാനേരിയുടെ വക അഞ്ചാം ഗോൾ. ഈ ഗോളോടെ ആഴ്സണൽ വിജയം പൂർത്തിയാക്കി.
ഈ വിജയത്തിലൂടെ ആഴ്സണൽ 50 പോയിന്റുമായി ലീഗിൽ രണ്ടാമത് നിൽക്കുന്നു. സിറ്റി 41 പോയിന്റുമായി നാലാമതാണ്.