ബാംഗ്ലൂർ : സി കെ നായിഡു ട്രോഫിയിൽ കർണ്ണാടകയോട് എട്ട് റൺസിൻ്റെ ലീഡ് വഴങ്ങി കേരളം (U23). കേരളത്തിൻ്റെ 327 റൺസിനെതിരെ കർണ്ണാടകയുടെ ആദ്യ ഇന്നിങ്സ് 335 റൺസിന് അവസാനിച്ചു. രണ്ടാം ഇന്നിങ്സിൽ ബാറ്റിങ് തുടങ്ങിയ കേരളം കളി നിർത്തുമ്പോൾ വിക്കറ്റ് പോകാതെ 43 റൺസെന്ന നിലയിലാണ്.
തുടക്കത്തിൽ തന്നെ വിക്കറ്റുകൾ വീഴ്ത്തി മുൻതൂക്കം നേടാൻ കേരളത്തിനായെങ്കിലും കർണ്ണാടകയുടെ മധ്യനിര അവസരത്തിനൊത്തുയർന്നതോടെയാണ് കേരളത്തിന് ലീഡ് വഴങ്ങേണ്ടി വന്നത്. രണ്ട് വിക്കറ്റിന് 29 റൺസെന്ന നിലയിൽ രണ്ടാം ദിവസം കളി തുടങ്ങിയ കർണ്ണാടകയ്ക്ക് വൈകാതെ രണ്ട് വിക്കറ്റുകൾ കൂടി നഷ്ടമായി. ഹർഷിൽ ധർമ്മാനിയെയും മൊനിഷ് റെഡ്ഡിയെയും അഭിജിത് പ്രവീൺ തന്നെയാണ് പുറത്താക്കിയത്. 71 റൺസെടുക്കുന്നതിനിടെ നാല് വിക്കറ്റുകൾ വീഴ്ത്തി കേരളം പിടി മുറുക്കുന്നുവെന്ന് തോന്നിച്ചെങ്കിലും തുടർന്നെത്തിയ കർണ്ണാടക ബാറ്റർമാർ കളി തങ്ങൾക്ക് അനുകൂലമാക്കുകയായിരുന്നു. കാർത്തികേയയ്ക്കും കൃതിക് കൃഷ്ണയ്ക്കുമൊപ്പം ക്യാപ്റ്റൻ അനീശ്വർ ഗൌതം ഒരുക്കിയ കൂട്ടുകെട്ടുകളാണ് കർണ്ണാടകയെ കരകയറ്റിയത്. അനീശ്വർ ഗൌതം 71ഉം കൃതിക് കൃഷ്ണ 68ഉം കാർത്തികേയ 45ഉം റൺസ് നേടി. വാലറ്റത്തിനൊപ്പം ചേർന്ന് മന്വന്ത് കുമാർ നേടിയ 57 റൺസ് കൂടിച്ചേർന്നതോടെയാണ് കർണ്ണാടകയുടെ ഇന്നിങ്സ് 335 വരെ നീണ്ടത്. കേരളത്തിന് വേണ്ട് എം. യു. ഹരികൃഷ്ണൻ മൂന്നും അഭിജിത് പ്രവീൺ രണ്ടും പവൻ രാജ്, അഖിൻ, അഹ്മദ് ഇമ്രാൻ, കിരൺ സാഗർ എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
രണ്ടാം ഇന്നിങ്സ് ബാറ്റിങ് തുടങ്ങിയ കേരളത്തിൻ്റേത് മികച്ച തുടക്കമായി. എട്ട് ഓവറിൽ വിക്കറ്റ് പോകാതെ 43 റൺസെന്ന നിലയിലാണ് കേരളം രണ്ടാം ദിവസത്തെ കളി അവസാനിപ്പിച്ചത്. 23 റൺസോടെ ഒമർ അബൂബക്കറും 19 റൺസോടെ പവൻ ശ്രീധറുമാണ് ക്രീസിൽ.