ജനുവരി 30 ന് ആരംഭിക്കുന്ന ഹരിയാനയ്‌ക്കെതിരായ അവസാന രഞ്ജി ട്രോഫി എലൈറ്റ് ഗ്രൂപ്പ് സി മത്സരത്തിനുള്ള കർണാടകയുടെ ടീമിൽ ഇന്ത്യൻ ബാറ്റർ കെ.എൽ. രാഹുലിനെ ഉൾപ്പെടുത്തി. ഓസ്‌ട്രേലിയൻ പര്യടനത്തിനിടെ കൈമുട്ടിനേറ്റ പരിക്കിൽ നിന്ന് സുഖം പ്രാപിച്ചുകൊണ്ടിരിക്കുന്ന രാഹുലിന് ബി.സി.സി.ഐ മെഡിക്കൽ ടീമിൽ നിന്ന് രഞ്ജി കളിക്കാൻ അനുമതി ലഭിച്ചു.

2020 ൽ ബംഗാളിനെതിരെ നടന്ന സെമിഫൈനലിനുശേഷം അദ്ദേഹം ആദ്യമായി രഞ്ജി ട്രോഫിയിൽ പങ്കെടുക്കുന്ന മത്സരമാണിത്.
19 പോയിന്റുമായി ഗ്രൂപ്പ് സിയിൽ നിലവിൽ മൂന്നാം സ്ഥാനത്തുള്ള കർണാടകയ്ക്ക് നോക്കൗട്ട് പ്രതീക്ഷകൾ നിലനിർത്താൻ ശക്തമായ പ്രകടനം ആവശ്യമാണ്. പരിക്ക് കാരണം സീസണിൽ ഭൂരിഭാഗവും നഷ്ടമായ പേസർ വിദ്വത് കാവേരപ്പയുടെ തിരിച്ചുവരവും മായങ്ക് അഗർവാളിന്റെ നേതൃത്വത്തിലുള്ള ടീമിന് ഗുണം ചെയ്യും. പട്ടികയിൽ ഒന്നാമതാണ് ഹരിയാന.