കോഴിക്കോട്: ഇന്ത്യൻ വനിതാ ലീഗിൽ ജയം തുടരാൻ ഗോകുലം കേരളയുടെ പെൺപട ഇന്ന് കളത്തിലിറങ്ങുന്നു എതിരാളികൾ ഹോപ്സ് എഫ് സി. അവസാന മത്സരത്തിൽ കൊൽക്കത്തയിൽനിന്നുള്ള ശ്രീഭൂമി എഫ്.സിക്കെതിരേ 5-1ന്റെ ജയം നേടിയതിന്റെ ആത്മവിശ്വാസത്തിലാണ് ഗോകുലത്തിന്റെ പെൺപുലികൾ കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയത്തിൽ ഇന്ന് മത്സരത്തിനിറങ്ങുന്നത്.
ആദ്യ രണ്ട് മത്സരത്തിലെ സമനിലക്ക് ശേഷമായിരുന്നു മൂന്നാം മത്സരത്തിൽ ഗോകുലം ജയം നേടിയത്. ഇതോടെ ട്രാക്കിലേക്ക് തിരിച്ചെത്തിയ ഗോകുലം ഇന്നും ജയം തുടർന്ന് സ്ഥാനം മെച്ചപ്പെടുത്തുക എന്ന ഉദ്യേശ്യത്തോടെയാണ് ബൂട്ടണിയുന്നത്.
മൂന്ന് മത്സരം പൂർത്തിയായപ്പോൾ രണ്ട് സമനില, ഒരു ജയം എന്നിവ ഉള്ള ഗോകുലം അഞ്ച് പോയിന്റുമായി പട്ടികയിൽ മൂന്നാം സ്ഥാനത്താണ്. അവസാന മത്സരത്തിൽ മുന്നേറ്റ താരം ഫസീലയുടെ നാലു ഗോളിന്റെ കരുത്തിലായിരുന്നു അവസാന മത്സരത്തിൽ ഗോകുലം ജയിച്ചു കയറിയത്. ഇന്ന് വൈകിട്ട് നാലിന് നടക്കുന്ന മത്സരത്തിൽ പട്ടികയിൽ ഏഴാം സ്ഥാനത്തുള്ള ഹോപ്‌സ് ഫുട്ബോൾ ക്ലബിനെയാണ് ഗോകുലം നേരിടുന്നത്.
”എതിരാളി ദുർബലരാണെങ്കിലും മത്സരത്തെ ഗൗരവത്തോടെയാണ് ടീം കാണുന്നത്. അവസാന മത്സരത്തിലെ ജയത്തോടെ ടീമിന്റെ കെട്ടുറപ്പ് വർധിച്ചിട്ടുണ്ട്. മുന്നേറ്റനിരയിലുണ്ടായ ഒത്തിണക്കം തന്നെയാണ് ടീമിന്റെ കരുത്ത്” പരിശീലകൻ രഞ്ജൻ ചൗധരി വ്യക്തമാക്കി.
അവസാന മത്സരത്തിൽ പ്രതിരോധവും മുന്നേറ്റനിരയും കാണിച്ച ഒത്തിണക്കമായിരുന്നു ഗോളുകളായി മാറിയത്. അവസാന ജയത്തിന് ശേഷം കഠിന പരിശീലനത്തിലേർപ്പെട്ട ടീം സ്വന്തം ഗ്രൗണ്ടിലെ മൂന്ന് പോയിന്റ് ലക്ഷ്യമിട്ടാണ് ഇന്ന് ഇറങ്ങുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മൂന്ന് മത്സരത്തിൽ രണ്ട് തോൽവിയും ഒരു സമനിലയുമുള്ള ഹോപ്‌സ് ഫുട്‌ബോൾ ക്ലബ് പട്ടികയിൽ ഏഴാം സ്ഥാനത്താണിപ്പോൾ.
വൈകിട്ട് 3.30ന് നടക്കുന്ന മത്സരം കാണാൻ സൗജന്യമായി സ്‌റ്റേഡിയത്തിൽ പ്രവേശിക്കാനാകും. എസ്.എസ്.ഇ.എൻ ആപിലൂടെയും മത്സരം ലൈവായി കാണാനുമാകും.