യുഫേഫ ചാമ്പ്യൻസ് ലീഗിൽ ഡച്ച് ടീം ആയ ഫെയ്നൂർദിനോട് ഞെട്ടിക്കുന്ന പരാജയം ഏറ്റുവാങ്ങി ബയേൺ മ്യൂണിക്. എതിരില്ലാത്ത 3 ഗോളുകൾക്ക് ആണ് ജർമ്മൻ ടീം പരാജയപ്പെട്ടത്. പരാജയത്തോടെ ഗ്രൂപ്പിൽ 15 സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട ബയേണിന്റെ ആദ്യ എട്ടിൽ എത്താനുള്ള സാധ്യതകൾ മങ്ങി. ജയത്തോടെ ഫെയ്നൂർദ് 11 സ്ഥാനത്തേക്കും കയറി. 80 ശതമാനം പന്ത് കൈവശം വെച്ച ബയേണിന്റെ വലിയ ആധിപത്യം കണ്ട മത്സരത്തിൽ അവർ ലക്ഷ്യത്തിലേക്ക് 6 ഷോട്ടുകൾ ഉതിർത്തെങ്കിലും ഡച്ച് ടീമിന്റെ പ്രതിരോധം കുലുങ്ങിയില്ല. അതേസമയം ലക്ഷ്യത്തിലേക്ക് അടിച്ച 3 ഷോട്ടുകളും ഡച്ച് ടീം ഗോളാക്കി മാറ്റി.
മത്സരത്തിൽ 21 മത്തെ മിനിറ്റിൽ സ്മാലിന്റെ ലോങ് ബോളിൽ നിന്നു ലഭിച്ച അവസരത്തിൽ നിന്നു സാന്റിയാഗോ ഹിമനസ് ആണ് ബയേണിനെ ആദ്യം ഞെട്ടിച്ചത്. ആദ്യ പകുതിയുടെ ഇഞ്ച്വറി സമയത്ത് സ്റ്റെൻങ്സിനെ ഗുരെയിരോ വീഴ്ത്തിയതിന് ലഭിച്ച പെനാൽട്ടി ലക്ഷ്യം കണ്ട ഹിമനസ് ഡച്ച് ടീമിന് രണ്ടാം ഗോളും സമ്മാനിച്ചു. രണ്ടാം പകുതിയിൽ ബയേണിന്റെ സമനില ഗോളിന് ആയുള്ള ശ്രമങ്ങൾ ആണ് കാണാൻ ആയത്. ആദ്യ പകുതിയിൽ എന്ന പോലെ ഹാരി കെയിൻ അവസരങ്ങൾ പാഴാക്കിയപ്പോൾ മുസിയാലയുടെയും സാനെയുടെയും ഷോട്ടുകൾ പോസ്റ്റിൽ തട്ടി മടങ്ങി. ബയേണിന്റെ തുടർച്ചയായ ആക്രമണങ്ങൾക്ക് ഇടയിൽ 89 മത്തെ മിനിറ്റിൽ മിലാമ്പോയുടെ പാസിൽ നിന്നു പകരക്കാരനായി ഇറങ്ങിയ അയസെ ഉയെഡ ഫെയ്നൂർദിന്റെ അവിസ്മരണീയ ജയം പൂർത്തിയാക്കുക ആയിരുന്നു.