ഓൾഡ്ട്രാഫോർഡിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ഒരിക്കൽ കൂടെ നാണം കെട്ടു. ഇന്ന് ബ്രൈറ്റണെ നേരിട്ട മാഞ്ചസ്റ്റർ യുണൈറ്റഡ് 3-1ന്റെ പരാജയമാണ് സ്വന്താം ഹോം ഗ്രൗണ്ടിൽ നേരിട്ടത്. ഇത് തുടർച്ചയായ മൂന്നാം തവണയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ബ്രൈറ്റണോട് ഓൾഡ്ട്രാഫോർഡിൽ തോൽക്കുന്നത്.
ഇന്ന് ഓൾഡ്ട്രാഫോർഡിൽ ഒട്ടും നല്ല തുടക്കമല്ല മാഞ്ചസ്റ്റർ യുണൈറ്റഡിന് ലഭിച്ചത്. ഇന്ന് നാലാം മിനുറ്റിൽ തന്നെ അവർ പിറകിലായി. മിന്റെയിലൂടെ ബ്രൈറ്റൺ ലീഡ് എടുക്കുക ആയിരുന്നു. മിറ്റോമയുടെ പാസിൽ നിന്നായിരുന്നു ഗോൾ.
ഈ ഗോളിന് ശേഷം മാഞ്ചസ്റ്റർ യുണൈറ്റഡ് ശക്തമായി പ്രതികരിച്ചു. അവർക്ക് 23ആം മിനുട്ടിൽ ഒരു പെനാലിറ്റിയിലൂടെ സമനില കണ്ടെത്താൻ ആയി. സിർക്സിയെ വീഴ്ത്തിയതിന് ലഭിച്ച പെനാൽറ്റി ബ്രൂണോ ഫെർണാണ്ടസ് ലക്ഷ്യത്തിൽ എത്തിച്ചു. സ്കോർ 1-1
ആദ്യ പകുതി 1-1 എന്ന നിലയിൽ അവസാനിച്ചു. രണ്ടാം പകുതിയിൽ 53ആം മിനുറ്റിൽ ബ്രൈറ്റൺ ലീഡ് തിരിച്ചുപിടിച്ചു എങ്കിൽ വാർ ആ ഗോൾ നിഷേധിച്ചു. പക്ഷെ അധിക നേരം ബ്രൈറ്റണെ തടയാൻ മാഞ്ചസ്റ്റർ യുണൈറ്റഡിന് ആയില്ല. 60ആം മിനുറ്റിൽ മിറ്റോമയിലൂടെ ബ്രൈറ്റൺ ലീഡ് തിരിച്ചെടുത്തു.
76ആം മിനുറ്റിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ഗോൾ കീപ്പർ ഒനാന ഒരു ഗോൾ ബ്രൈറ്റണ് സമ്മാനിച്ചതോടെ സന്ദർശകർ വിജയം ഉറപ്പിച്ചു. ഒനാനയുടെ പിഴവ് മുതലെടുത്ത് റുട്ടറാണ് ബ്രൈറ്റന്റെ മൂന്നാം ഗോൾ നേടിയത്.
ഈ പരാജയത്തോടെ മാഞ്ചസ്റ്റർ യുണൈറ്റഡ് ലീഗിൽ 26 പോയിന്റുമായി 13ആം സ്ഥാനത്ത് നിൽക്കുകയാണ്. ബ്രൈറ്റൺ 34 പോയിന്റുമായി ഒമ്പതാം സ്ഥാനത്തും നിൽക്കുന്നു.